മുംബൈയിലെ ബാന്ദ്രയില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി പുതുതായി തുടങ്ങിയ ‘അമ്മകൈ’ എന്ന റെസ്റ്റോറന്റില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ നടന്ന സംഭവവികാസങ്ങള്‍ വലിയ വാർത്താപ്രാധാന്യം നേടുകയാണ്. ആഘോഷത്തിന്റെ ഭാഗമായി റെസ്റ്റോറന്റ് പ്രഖ്യാപിച്ച സൗജന്യ പ്രഭാതഭക്ഷണം കഴിക്കാൻ പുലർച്ചെ മുതല്‍ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി.രാവിലെ ഒമ്പതരയ്ക്ക് തുടങ്ങാനിരുന്ന വിതരണത്തിനായി ഏഴു മണിയോടെ തന്നെ കിലോമീറ്ററുകള്‍ നീളുന്ന വരികള്‍ രൂപപ്പെട്ടിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച സമയത്തേക്കാള്‍ ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ അധികൃതർക്ക് വിതരണസമയം ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടേണ്ടി വന്നു.എന്നാല്‍ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്.ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറുകളില്‍ എത്തിയവരും ആഡംബര ഫ്ലാറ്റുകളില്‍ താമസിക്കുന്നവരും ഒരു നേരം സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനായി മണിക്കൂറുകളോളം വരിനില്‍ക്കുന്നത് സ്വയം ബഹുമാനമില്ലാത്ത പ്രവർത്തിയാണെന്നാണ് പലരുടെയും വിമർശനം.സാധാരണക്കാരെയും പാവപ്പെട്ടവരെയും സഹായിക്കാനുദ്ദേശിച്ചുള്ള ഇത്തരം പദ്ധതികള്‍ സമ്പന്നർ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന വാദവും ശക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൗജന്യങ്ങള്‍ക്കായുള്ള ഈ പരക്കംപാച്ചില്‍ ഇന്ത്യൻ സമൂഹത്തിന്റെ മാറിയ ചിന്താഗതിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.രാഷ്ട്രീയക്കാർ നല്‍കുന്ന സൗജന്യങ്ങളെ കുറ്റപ്പെടുത്തുന്നവർ തന്നെ ഒരു പ്ലേറ്റ് പ്രഭാതഭക്ഷണത്തിനായി തെരുവില്‍ ക്യൂ നില്‍ക്കുന്നത് വിരോധാഭാസമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.മുൻപ് പുനെയില്‍ രാമേശ്വരം കഫേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന സമാനമായ തിരക്കും ഇപ്പോള്‍ ഈ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്.

ആത്മാഭിമാനത്തെക്കാള്‍ മുകളില്‍ ആളുകള്‍ സൗജന്യങ്ങളെ പ്രതിഷ്ഠിക്കുന്നു എന്ന ഗൗരവകരമായ നിരീക്ഷണമാണ് സൈബർ ലോകത്ത് നിലനില്‍ക്കുന്നത്.ഒരു ബിസിനസ് സംരംഭമെന്ന നിലയില്‍ അമ്മകൈക്ക് ഇത് വലിയ പ്രചാരണം നല്‍കിയെങ്കിലും, സമൂഹത്തിന്റെ ഉപഭോക്തൃ സ്വഭാവത്തെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ റിപ്പബ്ലിക് ദിനം സാക്ഷ്യം വഹിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക