വലിയ തിരക്കുകള്‍ക്ക് ഇടയില്‍ ആയിരിക്കും ആ ഫോണ്‍ കോള്‍, ഓടിച്ചെന്ന് എടുത്താലോ ? അത് സ്പാം കോള്‍ ആയിരിക്കും.നിത്യജീവിതത്തില്‍ മിക്കവാറും എല്ലാവരും നേരിടുന്ന വലിയൊരു ശല്യമാണ് അനാവശ്യമായ സ്പാം കോളുകളും തട്ടിപ്പ് കോളുകളും. അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അത്ര ചെറുതല്ല.
പലപ്പോഴും ഇത്തരം കോളുകള്‍ ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളില്‍ നിന്ന് വീണ്ടും വിളി വരാറുമുണ്ട്. അതുകൊണ്ട് ബ്ലോക്ക് ചെയ്യുന്നത് ഒരു പരിഹാരമായി കാണാൻ കഴിയില്ല. എന്നാല്‍ ഇത്തരം ഡിജിറ്റല്‍ ശല്യങ്ങള്‍ ഒഴിവാക്കാൻ സോഷ്യല്‍ മീഡിയ ഉപയോക്താവായ ചിദാനന്ദ് ത്രിപാഠി പങ്കുവെച്ച ഏഴ് മാർഗ്ഗങ്ങള്‍ ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
ഡാറ്റാ ബ്രോക്കർമാർ നമ്മുടെ വ്യക്തിഗത വിവരങ്ങളും ഫോണ്‍ നമ്പറുകളും കോള്‍ സെന്ററുകള്‍ക്ക് വില്‍ക്കുന്നതാണ് ഇത്തരം വിളികള്‍ വർദ്ധിക്കാൻ പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്പാം കോളുകള്‍ ഫലപ്രദമായി തടയാനുള്ള ഏഴ് ഘട്ടങ്ങള്‍ താഴെ പറയുന്നവയാണ്:
- ബില്‍റ്റ്-ഇൻ സ്പാം ഫില്‍റ്ററുകള്‍: സ്മാർട്ട് ഫോണുകളിലെ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ 80 ശതമാനം അനാവശ്യ കോളുകളും തടയാൻ സാധിക്കും.
- സ്പാം ബ്ലോക്കിംഗ് ആപ്പുകള്‍: ട്രൂകോളർ (Truecaller), റോബോ കില്ലർ (RoboKiller), നോനോറോബോസ (Nomorobo) തുടങ്ങിയ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിലൂടെ സംശയാസ്പദമായ നമ്പറുകള്‍ തിരിച്ചറിയാനും അവ തനിയെ ബ്ലോക്ക് ചെയ്യാനും കഴിയും.
- ഡാറ്റാ ബ്രോക്കർ സൈറ്റുകളില്‍ നിന്ന് വിവരം നീക്കം ചെയ്യുക: സ്പോക്കിയോ (Spokeo), വൈറ്റ് പേജുകള്‍ പോലുള്ള സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ഒഴിവാക്കുന്നത് സ്പാം കോളുകള്‍ 70 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും.
- അപരിചിത കോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക: അറിയാത്ത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കാൻ ശ്രദ്ധിക്കുക. അബദ്ധവശാല്‍ പോലും ‘Call Back’ ചെയ്യുന്നത് നിങ്ങളുടെ നമ്പർ സജീവമാണെന്ന് സ്പാമർമാരുടെ AI (Artificial Intelligence) സംവിധാനത്തെ അറിയിക്കുന്നതിന് തുല്യമാണ്.
- ഡിസ്‌പോസിബിള്‍ നമ്പറുകള്‍: ഓണ്‍ലൈൻ സൈൻ അപ്പുകള്‍ക്കായി നിങ്ങളുടെ സ്ഥിരം നമ്പറിന് പകരം ഡിസ്‌പോസിബിള്‍ നമ്പറുകള്‍ ഉപയോഗിക്കുക.
- അന്താരാഷ്ട്ര കോളുകള്‍: ആവശ്യമില്ലാത്തതാണെങ്കില്‍ അന്താരാഷ്ട്ര കോളുകള്‍ വരുന്നത് ബ്ലോക്ക് ചെയ്യുക.
- പരാതി നല്‍കുക: വരുന്ന സ്പാം കോളുകള്‍ എഫ്.ടി.സി (Federal Trade Commission) പോലുള്ള ഏജൻസികളില്‍ റിപ്പോർട്ട് ചെയ്യുക.
ഈ ഏഴ് ഘട്ടങ്ങളും കൃത്യമായി പാലിക്കുകയാണെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്പാം കോളുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കാണാൻ സാധിക്കുമെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു






