തെക്കൻകോട്ടകളില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് അരുവിക്കര. 1991 മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തിരുന്നത്.അച്ഛന്റെ മരണത്തിന് പിന്നാലെ മകൻ കെഎസ് ശബരീനാഥൻ ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറങ്ങി. അന്ന് അരങ്ങേറ്റ മത്സരത്തില്‍ 56,448 വോട്ട് നേടിയാണ് ശബരിനാഥൻ വിജയിച്ചത്. സിപിഎമ്മിന്റെ എം വിജയകുമാറിനെ തറപറ്റിച്ചായിരുന്നു ശബരിയുടെ കന്നി വിജയം.
2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും അരുവിക്കര മണ്ഡലം ശബരിയിലൂടെ യുഡിഎഫിനെ ചേർത്തുപിടിച്ചു. അന്ന് 9.30 ശതമാനം വോട്ട് ഉയർത്തിയ ശബരീനാഥൻ 79,910 വീട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. 2011ലെ തിരഞ്ഞെടുപ്പില്‍ ജി കാർത്തികേയൻ നേടിയ വോട്ടിനേക്കാള്‍ 14,113 വോട്ടിന്റെ ലീഡുമായാണ് ശബരി സഭയില്‍ എത്തിയത്. ഇതോടെ മണ്ഡലം യുഡിഎഫിനെ എന്നും തുണയ്ക്കുമെന്ന് കരുതി.
എന്നാല്‍ പിണറായി വിജയൻ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയ 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരീനാഥൻ വീണു. സിപിഎം കാട്ടക്കട ഏരിയ സെക്രട്ടറിയായിരുന്ന ജി സ്റ്റീഫനോട് 5046 വോട്ടിനാണ് ശബരി അടിയറവ് പറഞ്ഞത്. യുഡിഎഫിന്റെ ഉരുക്കുകോട്ട നഷ്ടമായത് സംസ്ഥാനത്തെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് അന്നുണ്ടാക്കിയത്.
വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഇറങ്ങുന്നത്. എന്നാല്‍ എന്തുവിലകൊടുത്തും മണ്ഡലം നിലനിർത്താനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. ഇതോടെ അരുവിക്കര ശക്തമായ പോരിന് സാക്ഷ്യം വഹിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശബരീനാഥൻ അടക്കം ഒട്ടേറെ പേരുകള്‍ മണ്ഡലത്തില്‍ ഉയർന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ആരെ പരീക്ഷിച്ചാല്‍ മണ്ഡലം പിടിക്കാം എന്ന ചർച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
എസ്‌എഫ്‌ഐയിലൂടെ സംഘടന രംഗത്തെത്തിയത് ജി സ്റ്റീഫന് വൻ ജനകീയതാണ് ഇപ്പോള്‍ മണ്ഡലത്തിലുള്ളത്. പാർട്ടി ഓഫീസ് വീടാക്കിയ സ്റ്റീഫൻ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവർത്തിക്കാൻ ശേഷിയുള്ള നേതാവാണ്. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ കിള്ളി കുരുശടി വാർഡ് പിടിച്ചെടുത്താണ് തിരഞ്ഞെടുപ്പ് രംഗത്ത് വരവറിയിച്ചത്. കാട്ടാക്കടയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2010ലും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം തുടർച്ചയായി ആറുതവണ കാട്ടാക്കട പഞ്ചായത്ത് എല്‍ഡിഎഫ് നിലനിർത്തി.
ഇങ്ങനെയാരു ജനകീയനായ നേതാവിനെ ചെറുക്കാൻ കോണ്‍ഗ്രസ് ആരെ ഇറക്കുമെന്നാണ് കണ്ടറിയേണ്ടത്. മണ്ഡലം തിരിച്ചുപിടിക്കാൻ ശബരീനാഥനെ വീണ്ടും ചുമതലപ്പെടുത്തണമെന്ന ആവശ്യം പാർട്ടി അണികളില്‍ നിന്നുയരുന്നുണ്ട്. എന്നാല്‍ നേതാക്കള്‍ ഇതേക്കുറിച്ച് കൃത്യമായ നിലപാട് വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ചുമതലപ്പെടുത്തിയ ശബരിനാഥൻ ഇപ്പോള്‍ വാർഡ് കൗണ്‍സിലറായി തുടരുകയാണ്. ജനപ്രതിനിധി എന്ന നിലയില്‍ കോർപ്പറേഷൻ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, അതുകൊണ്ട് നിയമസഭയിലേക്ക് മറ്റൊരാളെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന നിലപാടും ഉയരുന്നുണ്ട്.
അരുവിക്കരയില്‍ വീണ്ടും ഇറങ്ങുമോ എന്നതിനെക്കുറിച്ച് ശബരിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു അങ്കത്തിന് ഇറങ്ങാൻ ശബരിക്ക് താല്‍പര്യമുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വീണ്ടും പരാജയം മണത്താല്‍ ശബരിയുടെ രാഷ്ട്രീയഭാവി തന്നെ തുലാസിലാകും. അതുകൊണ്ട് കൃത്യമായ വിലയിരുത്തല്‍ നടത്തിയശേഷം മാത്രമേ അരുവിക്കരയില്‍ മത്സരരംഗത്ത് കടന്നുവരികയുള്ളൂ.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസനാണ് മണ്ഡലത്തില്‍ പരിഗണിക്കാൻ സാദ്ധ്യതയുള്ള നേതാവ്. എംഎം ഹസനിലൂടെ മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വച്ചാണ് ഈ നീക്കം. എന്നാല്‍ ഹസന് അരുവിക്കരയേക്കാള്‍ കൂടുതല്‍ താല്‍പര്യം കായംകുളം മണ്ഡലമാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജി സ്റ്റീഫനെപോലെ ഒരു നേതാവിനെ പരാജയപ്പെടുത്താൻ സാധിക്കുമോ എന്ന ആത്മവിശ്വാസക്കുറവാകാം ഇതിനൊരു കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി എംആർ ബൈജു, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിതുര ശശി എന്നിവർക്കും സാദ്ധ്യത കല്‍പ്പിക്കുന്നുണ്ട്.







