പുതുവര്‍ഷം പുതുലോഞ്ചുകളുടെ കൂടി മാസമാണ്. ഈ മാസം ഇതിനോടകം രാജ്യം കാത്തിരുന്ന ചില വാഹനങ്ങള്‍ എത്തിക്കഴിഞ്ഞു.ഐസി എഞ്ചിന്‍ വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ഇനി വരാനിരിക്കുന്നു. അക്കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊയോട്ടയുടെ ആദ്യ ഇലക്‌ട്രിക് കാറുമുണ്ട്. രാജ്യത്ത് ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി 2026 ജനുവരി 19-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

മാരുതി സുസുക്കിയുടെ ഇ വിറ്റാരയുടെ ടൊയോട്ട റീബാഡ്ജ് പതിപ്പാണിത്. ലോഞ്ചിന് മുന്നോടിയായി പുറത്തുവന്ന ടീസറുകള്‍ വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.ഇലക്‌ട്രിക് എസ്‌യുവി വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര BE 6, ഹ്യുണ്ടായി ക്രെറ്റ ഇലക്‌ട്രിക്, എംജി ZS ഇവി എന്നിവരോടായിരിക്കും ഈ വാഹനം പ്രധാനമായും മത്സരിക്കുക. ടൊയോട്ടയുടെ വിശ്വാസ്യതയും ഇലക്‌ട്രിക് സാങ്കേതികവിദ്യയും ഒന്നിക്കുമ്ബോള്‍ വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ അര്‍ബന്‍ ക്രൂയിസര്‍ ഇവിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ അര്‍ബന്‍ ക്രൂയിസര്‍ ഇവി ജാപ്പനീസ് ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. പ്രൊഡക്ഷന്‍ സ്‌പെക്ക് മോഡലിന് ഡിസൈന്‍ വശം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലിനോട് സാമ്യതയുണ്ടായിരിക്കും. ഫഎല്‍ഇഡി ഹെഡ്ലാമ്ബുകള്‍, സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകള്‍, ടൊയോട്ട ലോഗോയുള്ള ബ്ലാക്ക് ട്രിം എന്നിവ മുന്‍ഭാഗത്തെ മനോഹരമാക്കുന്നു.

മോഡേണ്‍ എസ്‌യുവി ലുക്കില്‍ സ്‌പോര്‍ട്ടി ഭാവം നിലനിര്‍ത്തിയാണ് ഇവി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ അകത്തളത്തില്‍ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ലഭ്യമാണ്. ഗ്ലാസ് റൂഫ്, ഇന്‍ഫിനിറ്റി സൗണ്ട് സിസ്റ്റം, 10-വേ ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ പ്രീമിയം അനുഭവം നല്‍കും. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും വയര്‍ലെസ് ചാര്‍ജറും ഇതില്‍ ഉള്‍പ്പെടുന്നു.

സുരക്ഷയ്ക്കായി 7 എയര്‍ബാഗുകള്‍, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) , 360 ഡിഗ്രി ക്യാമറ എന്നിവ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഇതിലുണ്ട്. മികച്ച സുരക്ഷാ ഫീച്ചറുകളാണ് ടൊയോട്ട ഈ മോഡലില്‍ വാഗ്ദാനം ചെയ്യുന്നത്.

പവര്‍ട്രെയിന്‍ വശങ്ങളിലേക്ക് നോക്കിയാല്‍, ഇതില്‍ 49kWh , 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകള്‍ ഉണ്ടാകാനാണ് സാധ്യത. ചെറിയ ബാറ്ററി പതിപ്പ് 144 bhp പവറും വലിയ ബാറ്ററി പതിപ്പ് 174 bhp പവറും ഉത്പാദിപ്പിക്കുന്നു. ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്‌ട്രിക് മോട്ടോറാണ് ഈ ബാറ്ററികളുമായി ഘടിപ്പിച്ചിരിക്കുന്നത്.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ അനുയോജ്യമാകുന്ന രീതിയിലാണ് ബാറ്ററി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക പവര്‍ട്രെയിന്‍ വിവരങ്ങള്‍ ലോഞ്ച് സമയത്ത് കമ്ബനി കൂടുതല്‍ വിശദമായി വെളിപ്പെടുത്തുന്നതാണ്.

പ്രീമിയം ഇലക്‌ട്രിക് എസ്‌യുവി ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്. വാഹനത്തിന്റെ ഔദ്യോഗിക വില ജനുവരി 19-ന് മാത്രമേ പ്രഖ്യാപിക്കൂ എങ്കിലും, ഇതിന്റെ പ്രാരംഭ വില ഏകദേശം 21 ലക്ഷം രൂപ മുതല്‍ ആരംഭിക്കാനാണ് സാധ്യത. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 26 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കാം. മാരുതി ഇവിറ്റാര ലേഞ്ച് ഒന്നിലേറെ തവണ മാറ്റി വെച്ചതിന്റെ അനുഭത്തില്‍ ടൊയോട്ട കാത്തിരുത്തി മുഷിപ്പിക്കാതിരിക്കട്ടെയെന്നാണ് ഫാന്‍സിന്റെ പ്രാര്‍ത്ഥന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക