ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികള്‍ക്ക് വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും. ഇന്ന് വൈകിട്ട് 6 ആറുമണിമുതല്‍ പുലർച്ചെ 12 മണി വരെയുള്ള ഓരോ ഓർഡറിനും 120 മുതല്‍150 വരെ പേ ഔട്ട് പ്രഖ്യാപിച്ചു.ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികളുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് വാഗ്ദാനം.
തൊഴിലാളികള്‍ നേരിടുന്ന കഠിനമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ജോലിഭാരം വർദ്ധിച്ചിട്ടും വേതനത്തില്‍ വർദ്ധനവില്ലാത്ത സാഹചര്യമാണുള്ളത് . 10 മിനിറ്റ് ഡെലിവറി പോലുള്ള പ്ലാനുകള്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നു. മുന്നറിയിപ്പില്ലാതെ തൊഴിലാളികളുടെ ഐഡികള്‍ ബ്ലോക്ക് ചെയ്യുന്ന രീതി അവസാനിപ്പിക്കുക. ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, മറ്റ് ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുക എന്നിവയാണ് ആവശ്യം.
സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ ആപ്പുകളിലെ ഓർഡറുകള്‍ എത്തിക്കുന്ന ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികളോട് ഇന്ന് ലോഗ് ഔട്ട് ചെയ്ത് പണി മുടക്കിന്റെ ഭാഗമാകാൻ ഗിഗ് വർക്കേഴ്സ് യൂണിയൻ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നാണാവശ്യം. മിനിമം വേതനം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ആമസോണ്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികള്‍ തൊഴില്‍ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ചു പണിമുടക്കില്‍ പങ്കാളികളാകും. ക്രിസ്മസ് ദിനത്തില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പുതുവർഷത്തലേന്നായ ഇന്ന് തൊഴിലാളികള്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചത്. ആമസോണ്‍, ഫ്ലിപ്കാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയൻ ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് അധിഷ്ഠിത ട്രാൻസ്‌പോർട്ട് വർക്കേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.





