രാജസ്ഥാനിലെ ജോധ്പൂരില്‍ ബജാജ് ഷോറൂമിന് മുന്നില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇപ്പോള്‍ രാജ്യവ്യാപകമായി ചർച്ചയാവുകയാണ്.വാങ്ങിയ ഇ-റിക്ഷയുടെ തകരാറുകള്‍ പരിഹരിക്കാൻ കമ്ബനി തയ്യാറാകാത്തതില്‍ മനംനൊന്ത് മോഹൻ സോളങ്കി എന്ന യുവാവ് സ്വന്തം വാഹനം പെട്രോളൊഴിച്ച്‌ പരസ്യമായി തീയിടുകയായിരുന്നു.

ഷോറൂമിന് മുന്നില്‍ ആളിപ്പടരുന്ന തീയും പരിഭ്രാന്തരായി ഓടുന്ന നാട്ടുകാരും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ കരളലിയിക്കുന്ന കാഴ്ചയാണ്. താൻ നേരിട്ട കടുത്ത അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധമായാണ് യുവാവ് ഈ കടുംകൈ ചെയ്തത്.റിക്ഷ വാങ്ങിയ കാലം മുതല്‍ ബാറ്ററിക്ക് തകരാറുകള്‍ ഉണ്ടായിരുന്നുവെന്നും വാഹനത്തിന് മൈലേജ് ലഭിക്കുന്നില്ലെന്നും മോഹൻ സോളങ്കി ആരോപിക്കുന്നു. പലതവണ സർവീസ് സെന്‍ററില്‍ കയറിയിറങ്ങിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷേധത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കേടായ ഇ-റിക്ഷ ഒരു കഴുതയെക്കൊണ്ട് വലിപ്പിച്ചാണ് ഇദ്ദേഹം ഷോറൂമില്‍ എത്തിച്ചത്. എന്നിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് ജനശ്രദ്ധ പിടിച്ചുപറ്റാൻ ഇദ്ദേഹം ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്.സംഭവം നടക്കുമ്ബോള്‍ സോളങ്കിയുടെ ഭാര്യ ഷോറൂമിന് മുന്നിലിരുന്ന് പൊട്ടിക്കരയുന്നുണ്ടായിരുന്നു. സഹോദരൻ പകർത്തിയ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ഇന്‍റർനെറ്റില്‍ വ്യാപിച്ചത്.

എന്നാല്‍ ഉപഭോക്താവിന്‍റെ ആരോപണങ്ങളെ ഷോറൂം ഉടമയായ ഹരീഷ് ഭണ്ഡാരി പൂർണമായും നിഷേധിച്ചു. വാഹനം കൃത്യമായി പരിശോധിച്ചതാണെന്നും അതിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.സാങ്കേതികമായ തകരാറുകള്‍ ഇല്ലാതെ തന്നെ പുതിയൊരു വാഹനം വേണമെന്ന് പറഞ്ഞ് മോഹൻ ഷോറൂമിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്നാണ് കമ്ബനി അധികൃതരുടെ വാദം.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും പ്രതിഷേധ മാർഗങ്ങളെക്കുറിച്ചുമുള്ള വലിയ തർക്കങ്ങള്‍ക്കാണ് ഈ സംഭവം ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക