തിരുവനന്തപുരം കോര്‍പറേഷന്‍ വാങ്ങിക്കൊടുത്ത 113 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരത്തു തന്നെ ഓടണമെന്ന നിര്‍ദേശവുമായി മേയര്‍ വിവി രാജേഷ്.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷന്‍ കെഎസ്‌ആർടിസിക്ക് കൈമാറിയതാണ് 113 ഇലക്‌ട്രിക് ബസുകള്‍. ഇവ ഇനി തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ തന്നെ സർവീസ് നടത്തുമെന്നാണ് മേയര്‍ വി.വി. രാജേഷ് അറിയിച്ചിരിക്കുന്നത്.
കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരം നഗരവാസികള്‍ക്ക് യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് ഇ-ബസുകള്‍ കോര്‍പറേഷന്‍ നല്‍കിയതെങ്കിലും കെഎസ്‌ആർടിസി ഈ കരാർ ലംഘിച്ച് ഇവ മറ്റു ജില്ലകളിലേക്ക് മാറ്റിയതായി മേയർ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ദിനം പ്രതി ആയിരക്കണക്കിന് ‘ആള്‍ക്കാർ വന്നു പോകുന്ന സ്ഥലമായതിനാല്‍ അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയാണ് കോർപ്പറേഷൻ 113 ഇലക്‌ട്രിക് ബസുകള്‍ വാങ്ങി നല്‍കിയത്. എന്നാല്‍ തിരുവനന്തപുരം നഗരത്തിലോടാന്‍ വാങ്ങിയ ഈ ഇലക്‌ട്രിക് ബസുകള്‍ സിറ്റിയില്‍ കാണുന്നത് വിരളമായിരിക്കുന്നു. പകരം ഈ ബസുകള്‍ മറ്റ് റൂട്ടുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്‍ മേയര്‍ രാജേഷ് താക്കീത് നല്‍കിയിരിക്കുന്നത്.





