യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ വികസിപ്പിച്ച ക്ലൂ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു.ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഡിസംബർ 23-ന് വൈകിട്ട് നടക്കും. വട്ടിയൂർക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്ലാനിംഗ് ബോർഡ് അംഗം ജിജു പി അലക്‌സ് മുഖ്യാഥിതിയാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ പദ്ധതി, കേരളത്തെ ആഗോളതലത്തില്‍ ഒരു മികച്ച ശുചിത്വ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഡിജിറ്റല്‍ മാപ്പിംഗിലൂടെ യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തില്‍ കണ്ടെത്താൻ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികള്‍ക്ക് പുറമെ, കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച്‌ മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ശുചിമുറികള്‍ കൂടി ഈ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന സവിശേഷതകള്‍

  • ശുചിമുറികളുടെ പ്രവർത്തന സമയം, പാർക്കിംഗ് സൗകര്യം എന്നിവ ആപ്പിലൂടെ അറിയാം.
  • ഉപയോക്താക്കളുടെ റേറ്റിംഗുകള്‍ നോക്കി ശുചിമുറികളുടെ ഗുണനിലവാരം ഉറപ്പുവരുത്താം.
  • സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
  • ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പിന്റെ സാങ്കേതിക പങ്കാളികള്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക