തോഷാഖാന അഴിമതി കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ്. പാകിസ്ഥാൻ ഫെഡറല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക കോടതിയാണ് തടവുശിക്ഷ വിധിച്ചത്.കൂടാതെ ഇരുവർക്കും 16.4 മില്യണ്‍ പാകിസ്ഥാൻ രൂപ (52,39,524 ഇന്ത്യൻ രൂപ) പിഴയും കോടതി വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇമ്രാൻ ഖാന്റെ പ്രായവും ബുഷ്റ ബീബിയ്ക്ക് സ്ത്രീയാണെന്ന പരിഗണനയും നല്‍കിയാണ് ‘ലഘുവായ’ ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.ഇമ്രാൻ ഖാൻ നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. അതീവ സുരക്ഷാ ജയിലിലാണ് വിചാരണ നടന്നത്. ജഡ്ജി ഷാരൂഖ് അർജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.
2021 മേയ് മാസത്തില്‍ സൗദി കിരീടാവകാശി ഔദ്യോഗിക സന്ദർശന വേളയില്‍ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന് നല്‍കിയ ഔദ്യോഗിക സമ്മാനങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.വിലപിടിപ്പുള്ള ബള്‍ഗാരി ഡയമണ്ട് ജുവലറി സെറ്റാണ് സമ്മാനമായി ലഭിച്ചത്. ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സർക്കാർ ഖജനാവായ തോഷാഖാനയിലേക്ക് നല്‍കണമെന്നതാണ് നിയമം. അഥവാ അത്തരം സമ്മാനങ്ങള്‍ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കില്‍ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തോഷാഖാനയില്‍ നല്‍കണം. എന്നാല്‍ ഇമ്രാനും ഭാര്യയും വില കുറച്ചുകാണിച്ച്, ചെറിയ തുക നല്‍കി ബള്‍ഗാരി ഡയമണ്ട് സ്വന്തമാക്കിയെന്നാണ് കേസ്.









