ചവറയില്‍ മുത്തശ്ശിയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചവറ വട്ടത്തറ ക്രസന്റ് മുക്കില്‍ കണിയാന്റെയ്യത്ത് വീട്ടില്‍ സുലേഖ ബീവിയാണ് (78) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറുമകനായ ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയെ കൊന്നശേഷം ഷാനവാസ് കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്ബോള്‍ ഷാനവാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലഹരിവസ്തു വാങ്ങാൻ സുലേഖ ബീവി തന്റെ പെൻഷൻ പണം നല്‍കിയില്ലെന്ന വൈരാഗ്യത്തില്‍ ഷാനവാസ് കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഷാനവാസിന്റെ ഉമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പൊലീസ് പറയുന്നത്: ഷാനവാസിന്റെ ഉമ്മ മുംതാസ് സമീപത്തെ വിവാഹ സത്കാരത്തിന് പോയ സമയം മുംതാസിന്റെ സഹോദരൻ ഹുസൈൻ വീട്ടിലെത്തിയപ്പോള്‍ കതക് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വീട്ടിലുള്ളവരെ വിളിച്ചിട്ടും തുറന്നില്ല. അകത്തേക്ക് നോക്കിയപ്പോള്‍ വീട്ടിനുള്ളില്‍ ആരോ ഒരാള്‍ ഉണ്ടന്ന് മനസിലായി. തുടർന്ന് ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ കതക് ബലമായി തുറന്ന് അകത്ത് കടക്കുന്നതിനിടെ ഷാനവാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
സംശയം തോന്നിയ ഹുസൈനും നാട്ടുകാരും ഷാനവാസിനെ പിടിച്ചുവച്ചു. ഇയാള്‍ അപ്പോള്‍ ലഹരി ഉപയോഗിച്ചതിന്റെ ഉന്മാദാവസ്ഥയില്‍ ആയിരുന്നു. സുലേഖയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനിയില്ല. ഒടുവില്‍ കട്ടിലിനിടയില്‍ നോക്കിയപ്പോള്‍ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ചവറ പൊലീസില്‍ വിവരം അറിയിച്ചു.ഈ സമയം വിവാഹ സത്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുംതാസ് വിവരം അറിയുന്നത്. തുടർന്നായിരുന്നു ആത്മഹത്യാശ്രമം. പൊലീസെത്തി ഷാനവാസിനെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഷാനവാസിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുള്ളതായി പൊലീസ് പറഞ്ഞു.





