പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.സ്മാർട്ട്‌ഫോണുകളില്‍ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബില്‍റ്റ് ആയി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രാലയം ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
ഈ നീക്കം പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനം പ്രതിപക്ഷ പാർട്ടികള്‍ ശക്തമാക്കിയിരുന്നു. ആപ്പിള്‍ പോലുള്ള പ്രമുഖ മൊബൈല്‍ കമ്ബനികള്‍ ഈ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം ഉത്തരവുകള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റമായ iOS-ൻ്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യതാ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യേണ്ടെന്ന് മൊബൈല്‍ നിർമ്മാതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയതായും കേന്ദ്രം നല്‍കിയ ഔദ്യോഗിക കുറിപ്പില്‍ പറന്നു. സഞ്ചാർ സാഥി ആപ്പിന് പൊതുജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാലാണ് ഈ തീരുമാനം.
നേരത്തെ, വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ, ഈ ആപ്പ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്കുണ്ടെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ വിശദീകരിച്ചിരുന്നു. രാജ്യത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍ തടയാനും കളഞ്ഞുപോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും വേണ്ടിയാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ‘സഞ്ചാർ സാഥി’ ആപ്പ് പുറത്തിറക്കിയത്.






