ഒരുകാലത്ത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിനിന്ന പല താരങ്ങളും പിന്നീട് ആത്മീയതയിലേക്കും സന്യാസത്തിലേക്കും തിരിയുന്നത് വാർത്തയായിട്ടുണ്ട്. ഈ നിരയിലെ ഒരു വ്യക്തിയാണ് പ്രശസ്ത നടി നൂപുർ അലങ്കാർ. സൂപ്പർ ഹിറ്റായ ‘ശക്തിമാൻ’ ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടിയാണ് നൂപുർ.
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നിരുന്ന അവർ ഇന്ന് സന്യാസ ജീവിതമാണ് നയിക്കുന്നത്.തൊണ്ണൂറുകളില്‍ പതിനായിരവും പന്ത്രണ്ടായിരവും വരെ പ്രതിമാസം വരുമാനം നേടിയിരുന്ന നൂപുർ ഇപ്പോള്‍ ഗുഹകളിലാണ് താമസിക്കുന്നത്. അതോടൊപ്പം, ഭക്ഷണത്തിനായി ഭിക്ഷാടനവും നടത്തുന്നുണ്ട്.തന്റെ ജീവിതത്തില്‍ സംഭവിച്ച വഴിത്തിരിവിനെക്കുറിച്ച് ടെലി ടോക്ക് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നൂപുർ മനസ്സ് തുറന്നു.
“എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ കണ്ടെത്താനാകും. പിഎംസി ബാങ്ക് അഴിമതിയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. അതിനുശേഷം അമ്മ ശാരീരികമായും മാനസികമായും തളർന്നു. ചികിത്സിക്കാൻ പണമില്ലാതെ സാമ്ബത്തിക പ്രതിസന്ധിയിലായി. അമ്മയുടെയും സഹോദരിയുടെയും മരണമാണ് എന്റെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ വേദന. അതുവരെ ഈ ലോകവുമായി എനിക്കുണ്ടായിരുന്ന എല്ലാ ബന്ധവും അതോടെ അവസാനിച്ചു. ഇവിടെ ജീവിക്കാൻ താല്‍പര്യമില്ലാതായി. എല്ലാവരുടെയും സമ്മതത്തോടെ ഞാൻ ആത്മീയതയിലേക്ക് തിരിഞ്ഞു.”
“നടിയെന്ന നിലയില്‍ ബില്ലുകള്‍, ജീവിതശൈലി ചെലവുകള്‍, ശരീരം നിലനിർത്താനുള്ള പ്രത്യേക ഭക്ഷണക്രമം എന്നിവയൊക്കെ ഉണ്ടായിരുന്ന പഴയ ജീവിതത്തില്‍ നിന്നുള്ള പടിയിറക്കം തനിക്ക് എളുപ്പമായിരുന്നെന്ന് നൂപുർ പറയുന്നു. അഭിനയിച്ചിരുന്ന കാലത്ത് മാസം 10,000 മുതല്‍ 12,000 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോള്‍ ഭിക്ഷാടനം എന്റെ ഒരു ആചാരമാണ്. ചിലപ്പോഴൊക്കെ ഞാനത് ചെയ്യാറുണ്ട്. ഭിക്ഷയായി ലഭിക്കുന്നത് ദൈവത്തിനും ഗുരുവിനും പങ്കുവെക്കും. അത് അഹന്ത ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇപ്പോഴെനിക്ക് നാലോ അഞ്ചോ ജോഡി വസ്ത്രങ്ങള്‍ മാത്രമാണുള്ളത്. ആശ്രമങ്ങള്‍ സന്ദർശിക്കുന്നവർ വഴിപാടുകളും ചിലപ്പോള്‍ വസ്ത്രങ്ങളും കൊണ്ടുവരാറുണ്ട്, അത് മതി എനിക്ക്,” നൂപുർ കൂട്ടിച്ചേർത്തു.താമസിച്ചിരുന്ന ഗുഹകളില്‍ എലികളുടെ കടിയും കനത്ത മഞ്ഞുവീഴ്ചകളും അതിജീവിച്ചിട്ടുണ്ടെന്നും നൂപുർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.






