എഥനോള്‍ കലർത്തിയ പെട്രോള്‍ വിലകൂടിയ കാറുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച് ചണ്ഡീഗഡില്‍ നിന്നുള്ള റാലി ഡ്രൈവർ രത്തൻ ധില്ലൻ. വൈറലായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, E20 (20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍) ഇന്ധനം നിറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സുഹൃത്തിന്റെ ഫെരാരി സ്റ്റാർട്ട് ആയില്ലെന്ന് ധില്ലൻ അവകാശപ്പെട്ടു. ഇന്ധനവുമായി ബന്ധപ്പെട്ട എൻജിൻ തകരാറാണ് ഇതിന് കാരണമെന്ന് ടെക്നീഷ്യൻമാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
E20 ഇന്ധനം ടാങ്കുകളില്‍ ഈർപ്പം അടിഞ്ഞുകൂടാൻ കാരണമാകുമെന്നും ഇത് വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നും, പ്രത്യേകിച്ചും വല്ലപ്പോഴും മാത്രം ഓടിക്കുന്ന സൂപ്പർകാറുകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നതെന്നും ധില്ലൻ സർക്കാരിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ടാഗ് ചെയ്തുകൊണ്ട് എക്സിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
“ഒരു സുഹൃത്തിന്റെ ഫെരാരിയില്‍ E20 പെട്രോള്‍ നിറച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് സ്റ്റാർട്ടാകാതായി. E20 ഇന്ധനമാണ് തകരാറിന് കാരണമെന്ന് ടെക്നീഷ്യൻമാർ പറയുന്നു. ഇനി പറയൂ, ഇതിന്റെ ഉത്തരവാദിത്തം ഗഡ്കരി ഏറ്റെടുക്കുമോ? കോടികള്‍ മുടക്കി കാർ വാങ്ങുകയും, റോഡ് ടാക്സ്, വാഹന ജിഎസ്ടി, ഇന്ധന നികുതി എന്നിവ അടച്ച് ഇന്ത്യയില്‍ ഒരു കാറിന് അതിന്റെ വിലയുടെ മൂന്നിരട്ടിയോളം നല്‍കിയതിന് ശേഷം ഇതാണോ തിരികെ ലഭിക്കുന്നത്? സത്യം ഇതാണ്, ഈ ഇന്ധന മിശ്രിതം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സൂപ്പർകാറുകളെയും വിലകൂടിയ വാഹനങ്ങളെയുമാണ്. എന്നിട്ടും ആരും ഇതിനെക്കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെടുന്നില്ല! കാരണം ഫേസ് സെപ്പറേഷൻ ആണ്. എത്തനോള്‍ വായുവില്‍ നിന്ന് ഈർപ്പം വലിച്ചെടുക്കുന്നു. വാഹനം കുറച്ച് ദിവസത്തേക്ക് നിർത്തിയിട്ടാല്‍, ടാങ്കില്‍ വെള്ളം വേർപിരിഞ്ഞ് അടിഞ്ഞുകൂടാം. ഇത് ഇന്ധനം ശരിയായി ജ്വലിക്കാതിരിക്കാനോ വാഹനം സ്റ്റാർട്ടാകാതിരിക്കുന്നതിനോ കാരണമാകും”, പോസ്റ്റില്‍ പറയുന്നു.
ഇന്ധനക്ഷമതയിലെ കുറവും എൻജിൻ ഭാഗങ്ങളിലുണ്ടാകുന്ന ആഘാതവും ഉള്‍പ്പെടെ E20 ഇന്ധനം വാഹനങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വലിയ ചർച്ചയായി. പലരും 20 ശതമാനം വരെ മൈലേജ് കുറഞ്ഞതായി അവകാശപ്പെട്ടു.പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലർത്തുന്നതിനെതിരായ സോഷ്യല്‍ മീഡിയയിലെ രോഷപ്രകടനങ്ങള്‍, തന്നെ രാഷ്ട്രീയമായി ലക്ഷ്യം വെക്കാനുള്ള ഒരു “പെയ്ഡ് ക്യാമ്ബയിൻ” ആണെന്ന് നിതിൻ ഗഡ്കരി വ്യാഴാഴ്ച പറഞ്ഞിരുന്നു.വാഹന വ്യവസായം ഉള്‍പ്പെടെ ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുമായും E20 സംബന്ധിച്ച് വ്യക്തതവരുത്തിയിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഈ മാസം ആദ്യം ഗഡ്കരിക്കെതിരേ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ പങ്കാളികളായിരിക്കുകയും സർക്കാർ നയത്തില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുമ്ബോള്‍, അദ്ദേഹം എഥനോള്‍ ഉത്പാദനത്തിനായി ശക്തമായി വാദിക്കുന്നു എന്നായിരുന്നു ആരോപണം.രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പൊതുതാല്‍പര്യ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ വന്നത്. തങ്ങളുടെ വാഹനങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കാൻ ദശലക്ഷക്കണക്കിന് വാഹന ഉടമകള്‍ നിർബന്ധിതരാകുന്നു എന്ന് ഹർജിയില്‍ ആരോപിച്ചിരുന്നു.







