ഓണത്തിന് നാട്ടുകാരെ വഴിതെറ്റിച്ച് വൈറലായ കനകക്കുന്നിലെ വൈക്കോല്‍ മെയ്സ് ഗെയിം താത്കാലികമായി അടച്ചു.ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് കനകക്കുന്നില്‍ വൈക്കോല്‍ മെയ്സ് ഗെയിം ഒരുക്കിയിരുന്നത്.
അനിയന്ത്രിതമായ തിരക്കും സുരക്ഷയും മുൻനിർത്തിയാണ് താത്കാലികമായി ഗെയിം നിർത്തിവെക്കേണ്ടിവന്നതെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. മാസികകളിലും മറ്റും കാണുന്ന വഴികണ്ടുപിടിക്കാമോ കളിയുടെ മാതൃകാ ഗെയിമാണ് വൈക്കോല്‍ മെയ്സ് ഗെയിം. വ്യത്യസ്തത കാരണം ഇതിലേക്കു സന്ദർശകരുടെ തള്ളിക്കയറ്റമുണ്ടായി. പൂർണമായും വൈക്കോലിലായതിനാല്‍ തീപ്പിടിത്തം ഉണ്ടാകാനുള്ള സാധ്യതയും തിരക്കുകൂടുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങളും തടയാനാണ് ഗെയിം താത്കാലികമായി അടച്ചത്.
വൈക്കോല്‍ പസിലിന് ഉള്ളില്‍ പ്രവേശിക്കുന്നവർ ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിനിടെ വഴിതെറ്റി ചുറ്റിത്തിരിയുന്നു. ഗെയിമിനുള്ളില്‍ കയറുന്നതിന് നിശ്ചിത സമയമോ പാസോ മറ്റു നിയന്ത്രണങ്ങളോ ഇല്ല. പ്രധാനമായും കുട്ടികളെയാണ് ലക്ഷ്യമിട്ടതെങ്കിലും മുതിർന്നവരും വലിയതോതില്‍ ഇതിലേക്കെത്തി.
ക്ഷമയും ഓർമ്മശക്തിയുമാണ് കളിയുടെ സൂത്രവാക്യം. സന്ദർശകരുടെ എണ്ണത്തെ കണക്കിലെടുത്ത് ഗെയിം പുനരാരംഭിക്കുമെന്ന് കനകക്കുന്ന് ഡെപ്യൂട്ടി ഡയറക്ടർ അജീഷ് പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ മറ്റു ഗെയിമുകള്‍ എല്ലാംതന്നെ പതിവുപോലെ പ്രവർത്തിക്കും. ചൊവ്വാഴ്ചവരെയാകും കനകക്കുന്നിലെ കാഴ്ചകളും ഗെയിമുകളും ഉണ്ടാവുക.





