ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ എൻഡിഎ 324 സീറ്റുകള്‍ നേടി മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റുകളിലേക്ക് താഴുമെന്നും സർവ്വേ പ്രവചിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ട് ചോരി പ്രചാരണമടക്കം നടക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പുതിയ സർവ്വേ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ (MOTN) പോള്‍ 2025 ജൂലൈ 1 നും ഓഗസ്റ്റ് 14 നും ഇടയില്‍ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലുമായി 54,788 വ്യക്തികളെ സർവേ ചെയ്ത് നടത്തിയതാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം സംബന്ധിച്ചുള്ള ജനപ്രീതിയില്‍ ചെറിയ തോതിലുള്ള ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോഴും വലിയ കോട്ടമില്ലാതെ നിലനില്‍ക്കുന്നു. സർവേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം പേർ മോദിയുടെ പ്രകടനത്തെ ‘നല്ലത്’ എന്ന് വിലയിരുത്തി.
അതേസമയം, എൻഡിഎ സർക്കാരിന്റെ പ്രകടനത്തിലുള്ള പൊതു അംഗീകാരം ഗണ്യമായി കുറഞ്ഞു. ഫെബ്രുവരിയില്‍ 62.1 ശതമാനം പേർ ‘നല്ലത്’ എന്ന് വിലയിരുത്തിയിരുന്നു. ഓഗസ്റ്റില്‍ ഇത് 52.4 ശതമാനമായി കുറഞ്ഞു.സി വോട്ടറിൻ്റെ പതിവ് ട്രാക്കർ ഡാറ്റയില്‍ നിന്നുള്ള 1,52,038 അഭിമുഖങ്ങളും വിശകലനം ചെയ്താണ് സർവ്വേ റിസള്‍ട്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടിനായി മൊത്തം 2,06,826 പേരുടെ അഭിപ്രായം പരിഗണിച്ചു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകള്‍ മാത്രമാണ് നേടിയത് എന്നതിനാല്‍ തന്നെ പുതിയ സർവ്വേ റിപ്പോർട്ട് പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. മൂന്നാം മോദി സർക്കാർ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയെന്ന സൂചനയാണ് സർവ്വേ നല്‍കുന്നത്.അതെസമയം ബിജെപിയെ മാത്രമെടുത്താല്‍ ഇപ്പോഴും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയില്ല എന്ന സന്ദേശമാണ് സര്‍വ്വേ നല്‍കുന്നത്. ഇപ്പോള്‍ പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് 260 സീറ്റുകള്‍ നേടാൻ സാധിക്കുമെന്നാണ് സർവേയുടെ കണ്ടെത്തല്‍. എങ്കിലും കേവല ഭൂരിപക്ഷം നേടുന്നതില്‍ പാർട്ടിക്ക് വീഴ്ച സംഭവിക്കും.
ഫെബ്രുവരിയില്‍ നടന്ന സർവ്വേയില്‍, അന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 281 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ആറുമാസത്തിനിപ്പുറം അത് 20 സീറ്റുകളോളം കുറഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മൊത്തത്തില്‍ എൻഡിഎക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും ഫെബ്രുവരിയിലെ സർവ്വേ റിസള്‍ട്ടിനെ അപേക്ഷിച്ച് ഇത്തവണ കുറവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ MOTN സർവേയില്‍ 343 സീറ്റുകള്‍ പ്രവചിച്ചിരുന്നത് ഇപ്പോള്‍ 324 ആയി കുറഞ്ഞു.









