ആധാർ കാർഡ് പുതുക്കാൻ കഴിയാത്തതിനാല്‍ വിദ്യാഭ്യാസവായ്പയെടുക്കാനാകില്ലെന്ന ഭീതിയിലായിരുന്നു കുമ്ബള നായിക്കാപ്പിലെ ജി.ധനുശ്രീ. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയച്ചു. 20 ദിവസത്തിനുള്ളില്‍ പുതിയ ആധാർ കാർഡ് തപാലിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നന്ദി പറയുകയാണിപ്പോള്‍ ഈ പതിനേഴുകാരി.
എസ്‌എസ്‌എല്‍സിയും പ്ലസ് ടുവും മികച്ച രീതിയില്‍ വിജയിച്ച ധനുശ്രീ ഇപ്പോള്‍ കർണാടകയില്‍ എൻജിനിയറിങ് വിദ്യാർഥിനിയാണ്. കർഷക കുടുംബത്തിലെ അംഗമായ ഇവർക്ക് തുടർപഠനത്തിന് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല. അഞ്ചാംവയസ്സില്‍ എടുത്ത ആധാർ കാർഡ് പുതുക്കാത്തതായിരുന്നു കാരണം. വിദ്യാഭ്യാസവായ്പയ്ക്കായി ശ്രമിച്ചപ്പോഴാണ് ആധാർ കാർഡ് പുതുക്കണമെന്ന കാര്യം മനസ്സിലായത്.
കാസർകോട്ടെയും കുമ്ബളയിലെയും പല അക്ഷയ കേന്ദ്രങ്ങളില്‍ പോയെങ്കിലും മൊബൈല്‍ നമ്ബർ ലിങ്ക് ചെയ്യാനോ ആധാർ പുതുക്കുന്നതിനോ കഴിഞ്ഞില്ല. പരാതിയുമായി കാസർകോട്ട് നടന്ന അദാലത്തിലും പങ്കെടുത്തു. നിരാശയായിരുന്നു ഫലം.
ഒടുവില്‍ കുമ്ബള പേരാല്‍ ജിജെബിഎസ് സ്കൂള്‍ മുൻ പ്രഥമാധ്യാപകൻ ഗുരുമൂർത്തിയെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹമാണ് എല്ലാ കാര്യങ്ങളും വിവരിച്ച് പ്രധാനമന്ത്രിക്ക് സ്വന്തം കൈപ്പടയില്‍ കത്തെഴുതാൻ നിർദേശിച്ചത്. ഏതാനും ദിവസം പിന്നിട്ടിട്ടും മറുപടി കിട്ടാതെയായപ്പോള്‍ സങ്കടമായി. എന്നാല്‍ 20-ാം ദിവസം ധനുശ്രീയുടെപുതുക്കിയ ആധാർ കാർഡ് തപാലിലെത്തി. നായ്ക്കാപ്പിലെ ജി. കൃഷ്ണ കുമാറിന്റെയും അരുണാദേവിയുടെയും മകളാണ് ധനുശ്രീ.





