കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ പുറത്തുവരുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സിപിഎമ്മുകാർ ഈ കാര്യത്തില്‍ അധികം കളിക്കരുതെന്ന മുന്നറിയിപ്പും സതീശൻ നല്‍കുന്നുണ്ട്. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേരളം ഞെട്ടിപ്പോകുന്ന വാർത്ത അധികം വൈകാതെ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ബിജെപിക്കും വി ഡി സതീശൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് കാളയയുമായി പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.
‘ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാല്‍ ആണ്. ഈ കാര്യത്തില്‍ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട’- പ്രതിപക്ഷ നേതാവ് കോഴിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉടൻ തന്നെ സിപിഎമ്മില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തില്‍ നല്‍കി.
കന്റോണ്‍മെന്റ് ഹൗസിലേക്ക് കാളയുമായി പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകർ കാളയെ കളയരുതെന്നും അത് വൈകാതെ തന്നെ ആവശ്യമായി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകും. കാളയെ കളയരുത്. കാളയെ പാർട്ടി ഓഫീസിന്റെ മുമ്ബില്‍ തന്നെ കെട്ടിയിടണമെന്നും അദ്ദേഹം പറഞ്ഞു. വെയിറ്റ് ചെയ്താ മതിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോ-ഓർഡിനേറ്റർ താര ടോജോ അലക്സ് രംഗത്തെത്തി. എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകള്‍ പാടിപ്പുകഴ്ത്തിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്ബടനാണന്ന് താര ടോജോ അലക്സ് തന്റെ കുറിപ്പില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ പ്രതികരിച്ചതിന് പിന്നാലെ താര സൈബർ ആക്രമണം നേരിട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടവൻറെ വെട്ടുകിളികളുടെയും ഫാൻസ് അസോസിയേഷൻകാരുടെയും മൂന്നാംകിട ആക്രമണങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കുറിപ്പിങ്ങനെ:
‘എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകള്‍ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്ബടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം. അടിസ്ഥാനപരമായ സ്വഭാവദോഷം കൊണ്ടാണ് മറ്റു പല ഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും രാവണൻ വീണു പോയതെന്നും രാവണൻറെ ഭാഗത്ത് ന്യായമില്ലായിരുന്നു എന്ന് എത്ര മറച്ചാലും വെളിച്ചത്തു വന്നിരിക്കും.
അടക്കി ഭരിച്ച ലങ്കയും നേടിയ ക്ഷണിക സിംഹാസനങ്ങളും നഷ്ടമായത് ഒരു സീതയോട് തോന്നിയ അതിരുവിട്ട അഭിനിവേശം കൊണ്ടല്ലല്ലോ. ഉപകഥകളിലൊക്കെ രാവണന്റെ ലമ്ബടത്തം കൊണ്ട് കരഞ്ഞ സ്ത്രീകളുടെ തേങ്ങലുണ്ടായിരുന്നല്ലോ.? അതൊക്കെ തന്റെ രാജസ ഗുണമെന്ന് അഹങ്കരിച്ച് ആരേയും ഗൗനിക്കാതിരുന്ന രാവണന് പിഴച്ചത് എവിടെയാണന്ന് അരിയും ഗോതമ്ബും കഴിക്കുന്ന മനുഷ്യരായി പിറന്നവർക്ക് മനസ്സിലാകും. നായകനായി സ്വയമവരോധിച്ച് നിഴലായി മറ്റ് വില്ലൻമാരെ വച്ച് പുതിയ ഇക്കിളി ഉണർത്തുന്ന അനേകായിരം കുഞ്ഞിരാമായണകഥകള്‍ എഴുതിയാലും പാടി നടന്നാലും, മൂലകഥ വെളിപ്പെട്ടുവെന്ന് നാട്ടുകാർ അറിഞ്ഞതിലും ജാഗരൂകരായതിലും സന്തോഷം മാത്രം.
കാശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളില്‍ പോയി പഞ്ചാര വർത്തമാനം പറയുകയും അതില്‍ വീണു പോയവരുടെ മേല്‍ കടന്നു കയറ്റങ്ങള്‍ നടത്തുകയും ചെയ്ത ഒരുത്തനെ പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയർന്ന ആദ്യ ദിവസം മുതല്‍ അയാള്‍ക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതില്‍ ഇന്നും അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്നതില്‍ അഭിമാനം മാത്രം.
എന്നെ പോലൊരു സാധാരണക്കാരി കയ്യൊന്നു ഞൊടിച്ചാലുടൻ, ജീവിതത്തില്‍ ഇന്ന് വരെ കണ്ടിട്ട് പോലുമില്ലാത്ത നിരവധി സ്ത്രീകള്‍ മീഡിയയില്‍ പോയി നിരന്നുനിന്ന് അവരുടെ ആവലാതികള്‍ തുറന്നുപറഞ്ഞ് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാൻ മാത്രം ശക്തമാണ് എന്റെ സ്വാധീനം എന്നും, അതൊന്നു നിർത്തിക്കാൻ കേരളത്തിലെ മുഴുവൻ നേതാക്കളും വിചാരിച്ചിട്ടും നടന്നില്ല എന്നും പാടി നടന്നാല്‍ അതില്‍ അഭിമാനം മാത്രം. അത്തരം കടന്നുകയറ്റങ്ങള്‍ അവനവന്റെ അമ്മ പെങ്ങൻമാരിലോ ഭാര്യയിലോ പെണ്‍മക്കളിലോ എത്തിച്ചേർന്നാലും അതിനും വരാന്തയില്‍ നിന്ന് ചൂട്ടുപിടിച്ച് വീശികൊടുക്കാനും, സിന്ദാബാദ് വിളിക്കാനും നില്‍ക്കുന്ന, മജ്ജയും മാംസവും ജീവനുണ്ടെന്ന് പറയപ്പെടുന്ന പുരുഷ മാംസപിണ്ഡങ്ങളെ ഓർത്ത് സഹതാപം മാത്രം.
ഉറപ്പുള്ള നട്ടെല്ലും, ആത്മാഭിമാനബോധവുമുള്ള സ്ത്രീകള്‍ അവർ നേരിട്ട കടന്നുകയറ്റങ്ങളെ കുറിച്ച് പറയാൻ ധൈര്യമായി മുന്നോട്ടു വരുമ്ബോള്‍ സ്വന്തം ലിംഗത്തില്‍ പെട്ട അവർക്കുവേണ്ടി ഒരു വാക്കെങ്കിലും നെഞ്ച് നിവർത്തി നിന്നു പറയാതെ.. അവരെ മനുഷ്യരെന്നും പോലും പരിഗണിക്കാതെ അവർക്കെതിരെ നിന്ന്, അവർക്കുവേണ്ടി സംസാരിച്ചവരെ വ്യക്തിഹത്യ ചെയ്യാൻ കൂട്ടുനില്‍ക്കുന്ന , കുറ്റാരോപിന്റെ വിസർജ്യം പോലും അമൃതായി കരുതുന്ന സ്യൂഡോ സ്ത്രീപക്ഷ നാരി വിപ്ലവ ഗണങ്ങളെ ഓർത്ത് പുച്ഛം മാത്രം.
എല്ലാ വ്യക്തികള്‍ക്കും മേലെയാണ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനമെന്നും, ഇത്തരം പുഴുക്കുത്തുകളെ ആയിരം കിലോമീറ്റർ അകലെ അകറ്റി നിർത്തപ്പെടേണ്ടതാണ് എന്നതാണ് അന്നും ഇന്നും എന്നേക്കും എന്റെ നിലപാട്. അതില്‍ അഭിമാനം മാത്രം. പുറത്താക്കപ്പെട്ടവന്റെ വെട്ടുകിളികളുടെയും ഫാൻസ് അസോസിയേഷൻകാരുടെയും മൂന്നാംകിട ആക്രമണങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ (ആത്മഗതം: പോയി തരത്തില്‍ കളിക്കെടാ) തള്ളികളയുന്നു. ഇവിടെയുള്ള ഞാനും നിങ്ങളും ഇന്ന് നയിക്കുന്നവരും എല്ലാം ചത്തു മലച്ചാലും പ്രസ്ഥാനം ഇവിടെ ഉണ്ടാകണം. ഉണ്ടായിട്ടുണ്ട്. ഉണ്ടാകും. അപ്പൊ ശരി. ജയ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്. ജയ് ഹിന്ദ്.’





