റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യക്കുമേല്‍ യുഎസ് 50% താരിഫ് ഏർപ്പെടുത്തിയ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള വ്യാപാരബന്ധം വർധിപ്പിക്കാൻ തീരുമാനിച്ച്‌ ഇന്ത്യ.ഇന്ത്യൻ കമ്ബനികളുമായി കൂടുതല്‍ തീവ്രമായി സഹകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ റഷ്യൻ കമ്ബനികളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥയും വിദേശവ്യാപാരികളുമായി കൈകോർത്ത ‘മേക്ക് ഇൻ ഇന്ത്യ’ പോലുള്ള സംരംഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ജയശങ്കറിന്റെ പരാമർശം.

‘നാല് ട്രില്യണ്‍ ഡോളറിലധികം ജിഡിപിയുള്ള, സമീപഭാവിയില്‍ ഏഴുശതമാനം വളർച്ച നേടുന്ന ഇന്ത്യക്ക്, വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വലിയ തോതിലുള്ള വിഭവങ്ങള്‍ ആവശ്യമുണ്ട്. ചില സന്ദർഭങ്ങളില്‍, രാസവളം, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ അവശ്യ ഉല്‍പ്പന്നങ്ങളുടെ ഉറപ്പുള്ള വിതരണം ഉണ്ടാകണം. അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള ഇന്ത്യ, സ്വന്തം രാജ്യത്ത് മികച്ച ട്രാക്ക് റെക്കോർഡുള്ള സംരംഭങ്ങള്‍ക്ക് ഇവിടെ ബിസിനസ് അവസരങ്ങള്‍ നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്,’ ജയശങ്കർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മേക്ക് ഇൻ ഇന്ത്യയും മറ്റ് സമാന സംരംഭങ്ങളും വിദേശ ബിസിനസുകള്‍ക്ക് ഇവിടെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുണ്ട്. ഇന്ത്യയുടെ നവീകരണവും നഗരവല്‍ക്കരണവും രാജ്യത്ത് പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം ഇന്ത്യൻ കമ്ബനികളുമായി കൂടുതല്‍ തീവ്രമായി സഹകരിക്കാനുള്ള റഷ്യൻ കമ്ബനികള്‍ക്കുള്ള ക്ഷണമാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്യമം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാന രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും സുസ്ഥിരമായ ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും റഷ്യയും വളർത്തിയെടുത്തിട്ടുള്ളത്. ഇത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യവുമാണ്. എന്നിരുന്നാലും, അത് കാര്യമായ സാമ്ബത്തിക സഹകരണത്തിലേക്ക് സ്വയമേവ മാറിയിട്ടില്ല. നമ്മുടെ വ്യാപാര ഉല്‍പ്പന്നങ്ങള്‍ പരിമിതമാണ്, അടുത്തിടെവരെ വ്യാപാരത്തിന്റെ അളവും അങ്ങനെയായിരുന്നു. സമീപ വർഷങ്ങളില്‍ ഇത് വളർന്നിരിക്കാം. എങ്കിലും, വ്യാപാര കമ്മി അതിനൊപ്പം വർധിച്ചിട്ടുണ്ട്. വ്യാപാരത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനും സന്തുലിതാവസ്ഥയ്ക്കും ഇപ്പോള്‍ നമ്മുടെ ഭാഗത്ത് നിന്ന് കൂടുതല്‍ കാര്യക്ഷമമായ ശ്രമങ്ങള്‍ അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. ഉയർന്ന വ്യാപാര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മാത്രമല്ല, നിലവിലുള്ള നിലവാരം നിലനിർത്തുന്നതിനും അവ അത്യാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

‘വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും വികസനം ത്വരിതപ്പെടുത്തുന്നതിലും ഇന്ത്യക്കും റഷ്യക്കും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ കഴിയും. കൃത്യമായ മാർഗനിർദ്ദേശം നല്‍കുകയും സാമ്ബത്തിക പ്രവർത്തനങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇന്ത്യക്ക് ഇപ്പോള്‍ ചെയ്യാൻ കഴിയുന്നത്. അവയില്‍ പലതും വ്യാപാരത്തെ കേന്ദ്രീകരിച്ചാണ്, അതേസമയം, കൂടുതല്‍ നിക്ഷേപങ്ങള്‍, സംയുക്ത സംരംഭങ്ങള്‍, മറ്റ് സഹകരണ രൂപങ്ങള്‍ എന്നിവ പരിഗണിക്കാനുള്ള സന്നദ്ധതയും ഇന്ത്യ മുന്നോട്ടുവെക്കുന്നുണ്ട്. സുസ്ഥിരവും തന്ത്രപ്രധാനവും നിലനില്‍പുള്ളതുമായ പങ്കാളിത്തത്തിന് ശക്തമായ ഒരു സാമ്ബത്തിക ഘടകം ഉണ്ടായിരിക്കണം. ഈ സന്ദേശം നല്‍കാൻ ഇന്ത്യ ആഗ്രഹിക്കുന്നു,’ ജയശങ്കർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക