ഓപ്പറേഷൻ സിന്ദൂറില്‍ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികന് കൃത്രിമ കൈയുടെ കരുത്ത്. പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ഏക മലയാളി സൈനികനാണ് വരുണ്‍ കുമാർ എസ്.ധീരതയ്ക്കുള്ള അംഗീകാരമായി വ്യാഴാഴ്ച രാഷ്ട്രപതിയുടെ വായുസേനാ മെഡലിനും വരുണ്‍ അർഹനായി.

മേയ് പത്തിന് പുലർച്ചെ ജമ്മു-കശ്മീരിലെ ഉധംപുർ എയർബേസിനുനേരേ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി കോർപ്പറല്‍ വരുണിന് വലതുകൈ നഷ്ടമായത്. രണ്ടരവർഷമായി ഉധംപുർ എയർബേസിലെ സ്റ്റേഷൻ മെഡി കെയർ സെന്ററില്‍ മെഡിക്കല്‍ അസിസ്റ്റന്റാണ് വരുണ്‍. പുലർച്ചെയോടെയായിരുന്നു പാക് ആക്രമണം. ആ സമയം വരുണിനൊപ്പം ജോലിചെയ്തിരുന്ന രാജസ്ഥാൻ സ്വദേശി സർജന്റ് സുരേന്ദ്രകുമാർ മോഗ ആക്രമണത്തില്‍ വീരമൃത്യുവരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉധംപുരിലെ കമാൻഡോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുണ്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. പരിക്കേറ്റ വലതുകൈ ശസ്ത്രക്രിയയിലൂടെഅടിയന്തരമായി നീക്കംചെയ്തു. മൂന്നുമാസത്തെ ആശുപത്രിവാസം. തുടർന്ന് പുണെയിലെ ആർട്ടിഫിഷ്യല്‍ ലിംഫ് സെന്ററിലേക്ക്. കഴിഞ്ഞയാഴ്ചയാണ് കൃത്രിമകൈ വെച്ചുപിടിപ്പിച്ചത്. വരുണിനെ കാണാൻ കഴിഞ്ഞദിവസം എയർഫോഴ്സ് മേധാവി എയർ മാർഷല്‍ അമർ പ്രീത് സിങ് ആർട്ടിഫിഷ്യല്‍ ലിംഫ് സെന്ററില്‍ എത്തിയിരുന്നു. പിന്നാലെ എയർഫോഴ്സ് തന്നെയാണ് വരുണിന്റെ അതിജീവനവിവരം പുറത്തുവിട്ടത്.

2013-ലാണ് വരുണ്‍ എയർമാനായി എയർഫോഴ്സിന്റെ ഭാഗമാകുന്നത്. ആക്രമണം നടക്കുന്നതിന്റെ തൊട്ടുമുമ്ബുള്ള ദിവസംവരെ വരുണിനൊപ്പം ഭാര്യ കണ്ണൂർ പിലാത്തറ സ്വദേശി അഞ്ജുവും മകൻ വിഹാനും ഉധംപുരിലുണ്ടായിരുന്നു. ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചതോടെ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പുന്നപ്ര തെക്കേപ്പുരയ്ക്കല്‍ ശശിധരന്റെയും പരേതയായ രത്നകുമാരിയുടെയും മകനാണ് വരുണ്‍. സഹോദരൻ വിവേക് കുമാർ എഞ്ചിനീയറാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക