കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് എം വി ജയരാജൻ.ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസില്‍വെച്ചാല്‍ മതിയെന്നും എം വി ജയരാജൻ പറഞ്ഞു. ആർഎസ്‌എസ് നേതാവും രാജ്യസഭാ എംപിയുമായ സി സദാനന്ദൻ വധശ്രമ കേസ് സംബന്ധിച്ച് പ്രതികരിക്കവെയാണ് എം വി ജയരാജൻ ഇക്കാര്യം പറഞ്ഞത്.
സി സദാനന്ദന്റെ കാലുകള്‍ വെട്ടിയ കേസിലെ പ്രതികളെ ജയിലിലേക്ക് യാത്രയാക്കാൻ മുൻ മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പി ജയരാജൻ ജയിലിലെത്തി ഈ പ്രതികളെ സന്ദർശിച്ചിരുന്നു.
ഫണ്ട് മുക്കിയിട്ടല്ല എട്ട് സഖാക്കള്‍ ജയിലില്‍ പോയതെന്നായിരുന്നു സി സദാനന്ദന്റെ കാലുകള്‍ വെട്ടിയ കേസിലെ പ്രതികളെ കുറിച്ച് എം വി ജയരാജൻ പറഞ്ഞത്. ശരിയുടെ പക്ഷത്തുനിന്ന് ജയിലില്‍ പോകാൻ മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിനല്‍ പ്രവർത്തനമാണോ എംപി ആകാനുളള യോഗ്യതയെന്ന് വ്യക്തമാക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.
സി സദാനന്ദന്റെ കാലുകള്‍ വെട്ടിയ കേസിലെ പ്രതികളെ ശനിയാഴ്ച്ചയാണ് പി ജയരാജൻ കണ്ണൂർ സെൻട്രല്‍ ജയിലിലെത്തി സന്ദർശിച്ചത്. അവർക്ക് ആശംസ അറിയിച്ചെന്നും അസുഖമുളളവർക്ക് ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും അവരുടെ വീടുകളില്‍ പോയി കുടുംബാംഗങ്ങളെ കാണുമെന്നും പി ജയരാജൻ പറഞ്ഞിരുന്നു.
നിലവില്‍ രാജ്യസഭാംഗമായ സി സദാനന്ദനുനേരെ 1994 ജനുവരി 25-നാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ എട്ട് സിപിഎം പ്രവർത്തകരാണ് തിങ്കളാഴ്ച കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീല്‍ തളളിയതോടെയാണ് ഇവർ കോടതിയിലെത്തി കീഴടങ്ങിയത്. ജയിലില്‍ പോകുന്ന പ്രതികളെ യാത്രയാക്കാൻ എംഎല്‍എയായ കെ കെ ശൈലജ അടക്കമുളളവർ എത്തിയിരുന്നു.









