2025-ന്‍റെ തുടക്കം മുതല്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വ്യാപന വേഗത വർധിച്ചിരിക്കുകയാണ്. ഇന്ന് അനവധിയാളുകള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടൊപ്പം, സാങ്കേതികവിദ്യയുടെ ലോകത്ത് എഐ മത്സരവും വളരെയധികം വർധിച്ചു. അത്തരമൊരു സാഹചര്യത്തില്‍ പല കമ്ബനികളും എഐ രംഗത്ത് മുന്നിലെത്താൻ കിണഞ്ഞു പരിശ്രമിക്കുന്നു. എഐ ലോകത്തിലെ കിരീടമില്ലാത്ത രാജാവാകാനുള്ള മത്സരത്തില്‍ മെറ്റ ഉടമയായ മാർക് സക്കർബർഗുമുണ്ട്.
തന്‍റെ ‘മെറ്റ എഐ’യെ നയിക്കുന്നതിനായി വൻ ഗവേഷകരെ കമ്ബനിയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് സക്കർബർഗ്. അതിനായി അദേഹം പണം വാരിക്കോരി ചെലവാക്കുന്നു. മാർക് സക്കർബർഗ് 24 വയസുള്ള ഒരു എഐ ഗവേഷകന്‍റെ വലിയ ആരാധകനായി മാറിയെന്നും അദേഹത്തെ മെറ്റ എഐയില്‍ എത്തിക്കാൻ കോടികള്‍ വാഗ്‌ദാനം ചെയ്തെന്നുമാണ് പുതിയ റിപ്പോർട്ടുകള്‍.
മാറ്റ് ഡീറ്റ്കെ എന്ന 24 വയസുള്ള എഐ ഗവേഷകന് മെറ്റ ആദ്യം 125 മില്യണ്‍ ഡോളർ, അതായത് ഏകദേശം 1000 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോർട്ട്. എന്നാല്‍ മാർക് സക്കർബർഗിന്‍റെ കമ്ബനിയുടെ ഈ ഓഫർ മാറ്റ് ഡീറ്റ്‌കെ നിരസിച്ചു. നാല് വർഷക്കാലം നീണ്ടുനില്‍ക്കുന്ന ഏകദേശം 125 മില്യണ്‍ ഡോളർ (ഏകദേശം 1,098 കോടി രൂപ) എന്ന മെറ്റയുടെ ഓഫർ ഡീറ്റ്‌കെ ആദ്യം നിരസിച്ചു എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതിവേഗം വളരുന്ന തന്‍റെ എഐ സ്റ്റാർട്ടപ്പായ വെർസെപ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മാറ്റ് ഡീറ്റ്‌കെയുടെ തീരുമാനം.
ഇതോടെ മാർക്ക് സക്കർബർഗ് തന്നെ ഈ യുവാവിനെ കാണാൻ നേരിട്ടെത്തി. അദേഹം മാറ്റിന് 250 മില്യണ്‍ ഡോളർ അതായത് ഏകദേശം 2200 കോടി രൂപ വാഗ്ദാനം ചെയ്തു. അതായത് ആദ്യം ഓഫര്‍ ചെയ്‌തതിന്‍റെ ഇരട്ടി തുക. ഈ ഓഫർ ഡീറ്റ്കെയെ മെറ്റയുടെ സൂപ്പർഇന്‍റലിജൻസ് ടീമില്‍ ഒരു എഐ ഗവേഷകനായി ചേരാൻ പ്രേരിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകള്‍.
യഥാർത്ഥത്തില്‍ ആരാണ് മാറ്റ് ഡീറ്റ്‌കെ? എന്തുകൊണ്ടാണ് സക്കർബർഗ് അദേഹത്തെ മെറ്റയുടെ സൂപ്പർ ഇന്‍റലിജൻസ് പ്രോജക്റ്റിലേക്ക് കൊണ്ടുവരാൻ ഇത്രയധികം തീരുമാനിച്ചത്?
എഐ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള പേരുകളില്‍ ഒരാളായി ഇന്ന് മാറ്റ് ഡീറ്റ്‌കെ കണക്കാക്കപ്പെടുന്നു. വാഷിംഗ്‌ടണ്‍ സർവകലാശാലയില്‍ നിന്ന് പിഎച്ച്‌ഡി ഗവേഷണത്തിനിടെ അക്കാദമിക് മേഖല വിട്ട് സിയാറ്റിലിലെ അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ AI (AI2) യില്‍ ചേർന്നു. അവിടെ ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങളും ഓഡിയോയും പ്രോസസ് ചെയ്യാൻ കഴിവുള്ള ഒരു കട്ടിംഗ്-എഡ്‍ജ് മള്‍ട്ടിമോഡല്‍ ചാറ്റ്ബോട്ടായ മോള്‍മോയുടെ വികസനത്തിന് മാറ്റ് ഡീറ്റ്കെ നേതൃത്വം നല്‍കി. എഐ മേഖലയിലെ ഏറ്റവും അഭിമാനകരമായ കോണ്‍ഫറൻസുകളില്‍ ഒന്നായ ന്യൂറിപ്‍സ് 2022-ല്‍ മോള്‍മോയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങള്‍ മാറ്റ് ഡീറ്റ്കെയ്ക്ക് മികച്ച പേപ്പർ അവാർഡ് നേടിക്കൊടുത്തു.
2023 അവസാനം മുതല്‍ മെറ്റാ മാറ്റ് ഡീറ്റ്‌കെയെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാല്‍ അദേഹം തുടക്കത്തില്‍ ഈ ഓഫറുകള്‍ നിരസിച്ചു. എങ്കിലും സക്കർബർഗിന്‍റെ വ്യക്തിപരമായ ഇടപെടലിനും വർധിച്ച ശമ്ബള പാക്കേജിനും ശേഷം മെറ്റയുടെ സൂപ്പർഇന്റലിജൻസ് ലാബില്‍ ചേരാൻ ഡീറ്റ്കെ തീരുമാനിക്കുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനകം തന്നെ ഒരു ഓള്‍-സ്റ്റാർ എഐ ടീം നിർമ്മിക്കുന്നതിനായി മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ് ഒരു ബില്യണിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഓപ്പണ്‍എഐ, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ എതിരാളികള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മികച്ച പ്രതിഭകളെ വൻ തുക മുടക്കി സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ് മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ്.
എന്നാല്‍ ഇവരില്‍ പലര്‍ക്കും പറയപ്പെടുന്നയത്ര ഉയര്‍ന്ന തുക നല്‍കിയിട്ടില്ലെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഒരു പുഞ്ചിരിയോടെ പറയുന്നു. സത്യമെന്തായാലും എഐ രംഗത്ത് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം മാറ്റ് ഡീറ്റ്കെ എന്ന 24 വയസുകാരനാണ്.







