നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ തട്ടി നടക്കാതെ പോയ ആറൻമുള വിമാനത്താവള പദ്ധതിക്ക് പകരം അതേ സ്ഥലത്ത് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുമായി സംരംഭകർ. ആറൻമുള വിമാനത്താവള പദ്ധതിയുടെ സംരംഭകരായിരുന്ന കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുടെയും പിന്നില്‍.കെ.ജി.എസ് ഗ്രൂപ്പിൻെറ കൈയ്യിലുളള 139.20 ഹെക്ടർ സ്ഥലത്ത് 7000 കോടി മുതല്‍ മുടക്കില്‍ പുതിയ ഇലക്‌ട്രോണിക് സിറ്റി നിർമ്മിക്കുന്ന പദ്ധതി സർക്കാരിൻെറ പരിഗണനയിലാണ്.

2025 ജനുവരിയില്‍ പദ്ധതിയുമായി വ്യവസായ വകുപ്പിനെ സമീപിച്ച കെ.ജി.എസ് ഗ്രൂപ്പ് ഇത്തവണ പേര് മാറ്റിയാണ് പുതിയ സംരംഭവുമായി ഇറങ്ങിയിരിക്കുന്നത്. ടി.ഒ.എഫ്.എല്‍ പത്തനംതിട്ട ഇൻഫ്രാ ലിമിറ്റഡ് എന്നാണ് പുതിയ പേര്. പതിനായിരം പേർക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന ഇൻഫോ പാർക്ക് ഇൻറഗ്രേറ്റഡ് ബിസിനസ് ടൌണ്‍ഷിപ്പ് എന്ന പേരിലാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഐ.ടി വ്യവസായപാർക്കിനൊപ്പം മറ്റ് ബിസിനസ് സംരംഭങ്ങളും അടങ്ങുന്നതാണ് പദ്ധതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൻതോതില്‍ തൊഴിലവസരം നല്‍കുന്ന പദ്ധതിയുമായി സംരംഭകർ സമീപിച്ചതിനെ തുടർന്ന് വ്യവസായ വകുപ്പ് കൃഷി വകുപ്പിൻെറ അഭിപ്രായം തേടി. ആറൻമുളയില്‍ എയർപോർട്ട് സ്ഥാപിക്കുന്നതിനായി വയല്‍ നികത്തിയ അതേ സംരംഭകരാണ് ഇൻഫോ പാർക്ക് പദ്ധതിയുമായി വന്നിരിക്കുന്നത് എന്ന് മനസിലാക്കിയ കൃഷി വകുപ്പ് ശക്തമായ എതിർപ്പ് അറിയിച്ചു.കമ്ബനിയുടെ കൈവശമുളള ഭൂമിയില്‍ 90ശതമാനവും തണ്ണീർത്തടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിൻെറ മുന്നണി പോരാളിയായിരുന്ന മന്ത്രി പി.പ്രസാദ് പദ്ധതിയെ എതിർത്തത്.

വഴിയടഞ്ഞെന്ന് മനസിലാക്കിയ കമ്ബനി മുഖ്യമന്ത്രിയുടെ ഓഫീസ് വഴി വീണ്ടും അനുമതിക്കായി ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൻെറ സമ്മർദ്ദത്തിന് മുന്നിലും മുട്ട് മടക്കാതിരുന്ന മന്ത്രി പി.പ്രസാദ് പദ്ധതിക്കെതിരായ നിലപാടില്‍ ഉറച്ച്‌ നിന്നു. ഇതിനിടെ കൊച്ചിയില്‍ നടന്ന രാജ്യാന്തര നിക്ഷേപക സംഗമത്തിലും പദ്ധതി അവതരിപ്പിച്ച്‌ ഐ.ടി വകുപ്പിൻെറയും വ്യവസായ വകുപ്പിൻെറയും വിശ്വാസം നേടാനും പഴയ കെ.ജി.എസ് ഗ്രൂപ്പ് ശ്രമിച്ചു.എന്നാല്‍ കമ്ബനി കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ സിംഹഭാഗവും നെല്‍വയലും തണ്ണീർത്തടവും ആയിരിക്കെ അനകൂല നിലപാട് എടുക്കാൻ കഴിയാത്തതാണ് സർക്കാരിൻെറ മുന്നിലുളള പ്രതിസന്ധി.

യു.ഡി.എഫ് കാലത്ത് സജീവമായി വന്ന ആറൻമുള വിമാനത്താവള പദ്ധതിയെ എല്‍.ഡി.എഫ് ശക്തമായി എതിർത്തിരുന്നതാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിൻെറ കാലത്ത് കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീർത്തട നിയമം ലംഘിട്ട് വിമാനത്താവളം നിർമ്മിക്കുന്നതിന് എതിരെ സി.പി.എമ്മും സി.പി.ഐയും സമരം നടത്തുകയും ചെയ്തിരുന്നു.വയലും തണ്ണീർത്തടവും നികത്തി വിമാനത്താവളം നിർമ്മിക്കുന്നത് നിയമ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചത്. വസ്തുത അതായിരിക്കെ ഇൻഫോ പാർക്ക് പദ്ധതിക്ക് അനുമതി നല്‍കുന്നത് സർക്കാരിന് പ്രയാസകരമാകുമെന്ന് ഉറപ്പാണ്.

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് പറയുന്നത് പോലെയാണ്, നടക്കാതെ പോയ ആറന്മുള വിമാനത്താവള പദ്ധതിയുടെ സംരംഭകർ ഇൻഫോ പാർക്ക് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.വിമാനത്താവളം നിർമ്മിക്കാൻ സജ്ജമാക്കിയ ഭൂമിയിലാണ് ഇൻഫോ പാർക്കും ബിസിനസ് ടൌണ്‍ഷിപ്പും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ പദ്ധതി തയാറായപ്പോള്‍ തന്നെ കമ്ബനിയുടെ പേരും മാറ്റി.വിമാനത്താവള പദ്ധതിയുടെ സംരംഭക കമ്ബനിയുടെ പേര് കെ.ജി.എസ് ആറന്മുള എയർപോർട്ട് ലിമിറ്റഡ് എന്നായിരുന്നെങ്കില്‍ ടി.ഒ.എഫ്.എല്‍ പത്തനംതിട്ട ഇൻഫ്രാ ലിമിറ്റഡ് എന്നാണ് പുതിയ ഇൻഫോ പാർക്ക് കമ്ബനിയുടെ പേര്.

സംസ്ഥാന ഐ.ടി വകുപ്പിന് സമർപ്പിച്ചിരിക്കുന്ന അപേക്ഷ പ്രകാരം 7000 കോടി രൂപയാണ് മുതല്‍ മുടക്ക്. 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. സർക്കാരുമായി യോജിച്ച്‌ ഇൻഫോ പാർക്ക് സ്ഥാപിക്കാം എന്നാണ് ഐ.ടി വകുപ്പിനെ അറിയിച്ചിരിക്കുന്നത്. ആറന്മുളയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ 139.20 ഹെക്ടർ ഭൂമി ഇപ്പോഴും കമ്ബനിയുടെ കൈവശമുണ്ട്. ഇതില്‍ 16.32 ഹെക്ടർ മാത്രമേ കരഭൂമിയുളളു.ബാക്കി ഭൂമി നെല്‍വയലും തണ്ണീർത്തടവുമാണ്. ഈ കാരണം കൊണ്ടാണ് വിമാനത്താവള പദ്ധതി അവിടെ നടക്കാതെ പോയത്.

വയല്‍ നികത്തി വിമാനതാവളം സ്ഥാപിക്കുന്നതിനെതിരെ വലിയസമരമാണ് ആറന്മുളയില്‍ നടന്നത്.കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ഇടത് പാർട്ടികള്‍ സജീവമായി പങ്കെടുത്തിരുന്നു. വയലും തണ്ണീർത്തടവുമുളള സ്ഥലത്ത് ഇൻഫോ പാർക്ക് സ്ഥാപിക്കണമെങ്കിലും നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ സർക്കാർ ഇളവ് നല്‍കണം.വിമാനത്താവളം നടക്കാതെ പോയിടത്ത് ഇൻഫോ പാർക്കിന് അനുമതി നല്‍കാൻ സർക്കാർ തയാറാകുമോ എന്നാണ് ഇനി അറിയാനുളളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക