സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണ്‍(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം.1988ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടർച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ലോകസിനിമയിലെ തന്നെ അപൂർവം സംവിധായകരിലൊരാളാണ് അദ്ദേഹം.

ഇന്ത്യൻ സിനിമാ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരുന്നു ‘പിറവി’. ഒരു ഇന്ത്യൻ സിനിമയും ഇത്രയേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുകയോ പുരസ്‌കാരങ്ങള്‍ നേടുകയോ ചെയ്തിട്ടില്ല. വിഖ്യാതമായ ചാർളി ചാപ്ലിൻ അവാർഡും ലൊക്കാർണോയിലെ സില്‍വർ ലെപ്പേഡ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും പിറവിക്കു ലഭിച്ചു. കാൻ ഫിലിം ഫെസ്റ്റിവലില്‍ ക്യാമറ ഡി ഓർ പ്രത്യേക പരാമർശവും നേടി. മികച്ച ചിത്രത്തിനും, സംവിധായകനും, നടനും, ശബ്ദലേഖനത്തിനുമടക്കം നാല് ദേശീയ ചലച്ചിത്ര അവാർഡുകളും പിറവിക്കു ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാഞ്ചനസീത, തമ്ബ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്’, എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചിരുന്നു.

1998ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും. അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകളോടുള്ള ആദരവായി സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയല്‍ പുരസ്കാരം നല്‍കി ആദരിച്ചത് ഏപ്രില്‍ 16നായിരുന്നു. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

40ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുണ്‍.1952 പുതുവത്സരദിനത്തില്‍ പെരിനാടിനു സമീപം കണ്ടച്ചിറയില്‍ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുണ്‍ ജനിച്ചു. 1963ല്‍ കുടുംബം തിരുവനന്തപുരത്ത് താമസമാക്കി. പുതുവത്സരദിനത്തില്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എൻ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974ല്‍ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. രാഹുല്‍ ദാസ് ഗുപ്ത സംവിധാനം ചെയ്ത ജെനസിസ് (1974) എന്ന അദ്ദേഹത്തിന്റെ ഡിപ്ലോമ ചിത്രത്തിന് തന്നെ നിരവധി അവാർഡുകള്‍ ലഭിച്ചു.1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു. പിന്നീട് അതിന്റെ സാരഥ്യത്തിലെത്തി.

ഡോ. പി. കെ. ആർ. വാരിയരുടെ മകള്‍ അനസൂയ വാര്യരെ 1975 ജനുവരി ഒന്നിന് ഷാജി വിവാഹം കഴിച്ചു. മക്കള്‍ അനില്‍ (ഐസർ, തിരുവനന്തപുരം ) അപ്പു.(ജർമ്മനി). മരുമക്കള്‍: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതള്‍ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക