കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വില അനക്കമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 72040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 9,005 രൂപയുമാണ് വില. അന്താരഷ്ട്ര വിപണിയിലേക്ക് നോക്കുകയാണെങ്കില്‍ ട്രോയ് ഔണ്‍സിന് 3318.47 ഡോളർ എന്നതാണ് നിരക്ക്. 3500 വരെ എത്തിയിടത്ത് നിന്നും വില താഴ്ന്ന് വരികയായിരുന്നു.
നിലവില്‍ സ്വർണ വിലയില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഭാവിയില്‍ വില മുന്നോട്ട് പോകുമെന്ന് തന്നെയാണ് സാമ്ബത്തിക രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2026 – ന്റെ മധ്യത്തോടെ സ്വർണവില ഔണ്‍സിന് 4000 ഡോളർ കവിയുമെന്നാണ് ജെ പി മോർഗൻ പ്രവചിക്കുന്നു. 2025-ന്റെ അവസാന പാദത്തില്‍ ശരാശരി വില 3675 ഡോളറിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ആഗോള സാമ്ബത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍, ഉയർന്ന ഡിമാൻഡ് എന്നിവയാണ് സ്വർണവില കുതിച്ചുയരാനുള്ള പ്രധാന കാരണങ്ങള്‍.
ഈ നിരക്കിലേക്ക് സ്വർണ വില എത്തുകയാണെങ്കില്‍ ഇന്നത്തെ വിനിമയ നിരക്കില്‍ ഒരു പവന്‍ സ്വർണത്തിന് കേരളത്തിലെ പവന്റെ വില 90000 ത്തിന് അടുത്തെത്തും. പണിക്കൂലിയും മറ്റ് ചാർജുകളുമൊക്കെ ചേരുമ്ബോള്‍ ഒരു പവന്‍ സ്വർണത്തിന് കുറഞ്ഞത് ഒരു ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും.
സെൻട്രല്‍ ബാങ്കുകളുടെയും നിക്ഷേപകരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്ന ശക്തമായ ഡിമാൻഡാണ് സ്വർണവിലയെ ഉയർത്തുന്നു. ഈ വർഷം ശരാശരി 710 ടണ്‍ സ്വർണം ഓരോ പാദത്തിലും വാങ്ങപ്പെടുന്നുണ്ട്. 2025-ല്‍ സെൻട്രല്‍ ബാങ്കുകള്‍ 900 ടണ്‍ സ്വർണം വാങ്ങുമെന്നും കണക്കാക്കപ്പെടുന്നത്. ഓരോ 100 ടണ്‍ അധിക ഡിമാൻഡും വിലയില്‍ ഏകദേശം 2% വർധനവിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കാര്യം മാത്രം നോക്കുകയാണെങ്കില്‍ 2025 സാമ്ബത്തിക വർഷത്തില്‍ (ഏപ്രില്‍ 2024 – മാർച്ച് 2025) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 57.5 ടണ്‍ സ്വർണമാണ് വാങ്ങിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്. 2017 ന് ശേഷം ഒരു സാമ്ബത്തിക വർഷത്തില്‍ ആർ ബി ഐ നടത്തിയ രണ്ടാമത്തെ ഏറ്റവും വലിയ വാങ്ങലുമാണിത്. 2021-22ല്‍ കാലയളവില്‍ വാങ്ങിയ 66 ടണ്‍ ആണ്‍ ആർ ബി ഐയുടെ ഏറ്റവും ഉയർന്ന തോതിലുള്ള സ്വർണ്ണം വാങ്ങല്‍.
അമേരിക്ക-ചൈന വ്യാപാര സംഘർഷവും ഉയർന്ന തീരുവകളും ആഗോള സമ്ബദ്‌വ്യവസ്ഥയിലെ മാന്ദ്യസാധ്യത വർധിപ്പിക്കുന്നു. സ്വാഭാവികമായു ഇത് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റുന്നു. “സ്റ്റാഗ്ഫ്ലേഷൻ, സാമ്ബത്തിക മാന്ദ്യം, യുഎസ് നയ അനിശ്ചിതത്വം എന്നിവയ്ക്കെതിരെ സ്വർണം ഏറ്റവും മികച്ച സുരക്ഷാ കവചമാണ്,” ജെപി മോർഗൻ വില വർധനവിനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നു.ചൈനയിലെ റീട്ടെയില്‍ നിക്ഷേപകരും സ്വർണത്തിലേക്ക് കൂടുതല്‍ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, യുഎസ് സമ്ബദ്‌വ്യവസ്ഥ തീരുവകള്‍ക്കെതിരെ അതിശക്തമായി നിന്നാല്‍, ഫെഡറല്‍ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കാമെന്നും ഇത് സ്വർണവിലയെ താല്‍ക്കാലികമായി ബാധിച്ചേക്കാമെന്നും ജെപി മോർഗൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഗോള്‍ഡ്മാൻ സാക്സും 2025 അവസാനത്തോടെ സ്വർണ വില 3700 ഡോളർ വരെ ഉയരുമെന്ന് പ്രവചിക്കുന്നുണ്ട്. അത്യപൂർവ സാഹചര്യങ്ങളില്‍ 4500 ഡോളർ വരെ എത്താമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയില്‍, സ്വർണത്തോടുള്ള സാംസ്കാരിക ആകർഷണവും നിക്ഷേപ താല്‍പ്പര്യവും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. ആഗോള വിപണിയിലെ ഈ പ്രവണത ഇന്ത്യൻ ഉപഭോക്താക്കളെയും ജ്വല്ലറി വ്യവസായത്തെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.





