സിനിമ സെറ്റില്‍ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്.
ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകള്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്ബോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.
വിൻസിയുടെ വാക്കുകളിലേക്ക്
‘എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാദ്ധ്യമങ്ങളില്‍ വാർത്തയായി വന്നപ്പോള്‍ അതിന്റെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ?
ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവർത്തകരോടും പെരുമാറി. മോശമെന്ന് പറയുമ്ബോള്‍, എന്റെ വസ്ത്രത്തില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ അത് ശരിയാക്കാൻ പോയപ്പോള്‍ ഞാനും വരാം, ഞാൻ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി. എല്ലാവരുടെയും മുന്നില്‍വച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.





