അന്‍റാർട്ടിക്ക യാത്ര കഴിഞ്ഞ് തിരിച്ചുവരവേ ക്രൂയിസ് കപ്പലായ ഓഷ്യൻ എക്സ്പ്ലോററിനെ കൂറ്റൻ തിരമാലകള്‍ മൂടിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കപ്പലിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 40 അടിയോളം ഉയരത്തില്‍ തിരമാലകള്‍ കപ്പലിന് മുകളിലേക്ക് ഉയരുന്നതും യാത്രക്കാർ നിലതെറ്റി വീഴുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.
ധ്രുവപ്രദേശങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ക്വാർക് എക്സ്പെഡിഷൻ കമ്ബനിയുടേതാണ് ഓഷ്യൻ എക്സ്പ്ലോറർ കപ്പല്‍. ആഡംബര കപ്പലായ ഇതില്‍ 138 പേർക്ക് സഞ്ചരിക്കാനാവും. തിരമാലയില്‍ കപ്പല്‍ ആടിയുലഞ്ഞെങ്കിലും ആർക്കും പരിക്കേറ്റിട്ടൊന്നുമില്ല.
അന്‍റാർട്ടിക്കയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഡ്രേക് പാസ്സേജില്‍ വെച്ചാണ് കൂറ്റൻ തിരമാലകള്‍ കപ്പലിനെ ഉലച്ചത്. തെക്കേ അമേരിക്കക്കും അന്‍റാർട്ടിക്കക്കും ഇടയിലുള്ള സമുദ്രമേഖലയാണിത്. ഏറെ അപകടം നിറഞ്ഞ സമുദ്രമേഖലയായാണ് ഡ്രേക് പാസ്സേജ് കണക്കാക്കപ്പെടുന്നത്.





