ബ്രസ്റ്റ് ക്യാൻസറിനെ ധൈര്യപൂർവ്വം നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിത്വമാണ് നിഷാ ജോസ് കെ മാണി. കെഎം മാണിയുടെ മരുമകൾ ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം ഒരു സാമൂഹ്യപ്രവർത്തക എന്ന രീതിയിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ച് നൽകുക, നദികളുടെ ശുചീകരണത്തിനായുള്ള പ്രചരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങി വൈവിധ്യമാർന്ന സാമൂഹ്യ ഇടപെടലുകളുമായി പൊതുരംഗത്ത് സജീവമാണ് നിഷാ ജോസ്.
ഇവരുടെ ഏറ്റവും പുതിയ ഇടപെടൽ കാരുണ്യ സന്ദേശയാത്ര എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാൻസർ അവബോധ പ്രചരണമാണ്. കെഎം മാണി ഉപയോഗിച്ചിരുന്ന പാലാ രജിസ്ട്രേഷനിലുള്ള 16 16 എന്ന നമ്പർ വാഹനം ബ്രാൻഡിംഗ് ചെയ്താണ് പ്രചരണ പരിപാടിക്ക് ഉപയോഗിക്കുന്നത്. ഒപ്പോൾ എന്ന ബ്രാൻഡിങ്ങാണ് ക്യാൻസർ അവബോധ പ്രചാരണ യാത്രയായ കാരുണ്യ സന്ദേശയാത്രയ്ക്ക് വേണ്ടി നിഷ ഉപയോഗിക്കുന്നത്.
ക്യാൻസർ അവബോധ പ്രചരണം; കടുത്തുരുത്തി ടൗണിൽ സുംബാ നൃത്തവുമായി നിഷാ ജോസ് കെ മാണി pic.twitter.com/5yH2Si1F7S
— Thomas R V Jose (@thomasrvjose) March 25, 2025
പ്രചരണ പരിപാടികളുടെ ഭാഗമായി കടുത്തുരുത്തിയിൽ സംഘടിപ്പിച്ച സുംബാ ഡാൻസ് ദൃശ്യങ്ങളാണ് മുകളിൽ കാണുന്നത്. ഡാൻസ് ടീമിനൊപ്പം ഊർജ്ജസ്വലതയോടെ ചുവടുവെക്കുന്ന നിഷാ ജോസ് കെ മാണിയെ ദൃശ്യങ്ങളിൽ കാണാം. നിഷയ്ക്ക് കൂട്ടായി കേരള കോൺഗ്രസിന്റെ പ്രമുഖ വനിതാ നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായ നിർമലാ ജിമ്മിയും ചുവടുകൾ വയ്ക്കുന്നുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇവർ ഇരുവരുടെയും പേരുകൾ പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാകുവാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഉയർന്ന് വരുന്നുണ്ട്. അതുകൊണ്ടുതന്നെ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ ഉണ്ട് എന്ന് രാഷ്ട്രീയ എതിരാളികൾ രഹസ്യമായി വിമർശിക്കുന്നുമുണ്ട്.










