താനെ :നമ്മള്‍ ചെയ്യുന്ന കാര്യങ്ങളുടെ വലിപ്പമല്ല അതിലടങ്ങിയിരിക്കുന്ന മഹത്വമാണ് പ്രധാനമെന്നും അതാണ് അതിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തകനായ അനില്‍ പ്രകാശ് പറഞ്ഞു. കല്യാണ്‍ ഈസ്റ്റ് മലയാളി സമാജം സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുമ്പൊന്നുമില്ലാത്തവിധം നമ്മുടെ മനസ്സിനെ ഭീതിപ്പെടുത്തുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗവും അക്രമവും കൊലപാതകങ്ങളുമൊക്കെ നിത്യവാര്‍ത്തകളായിരിക്കുന്നു. ഇത്തരമവസ്ഥയില്‍ നന്മയുടെ സന്ദേശം പകരുന്നതിനും സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മനുഷ്യരെ മനുഷ്യത്വവും സ്‌നേഹവുമുള്ള സമൂഹമാക്കി മാറ്റുന്നതിനും സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് കാര്യമായ പങ്കു വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കല്യാണ്‍ സമാജത്തിന്റെ ഈ ചെറിയ ഹാളില്‍ നടക്കുന്ന ഈ സാഹിത്യ സാംസ്‌കാരിക ഇടപെടല്‍ മഹത്തായ കാര്യമാണെന്നും, ഇത്തരം മഹത്തായ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഇതുപോലുള്ള ചെറിയ ഇടങ്ങളില്‍നിന്നാണെന്നും, കുട്ടികളെക്കൂടി അതില്‍ പങ്കാളിയാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈസ്റ്റ് കല്യാണ്‍ കേരള സമാജം പ്രസിഡന്റ് ലളിതാ മേനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.മുംബൈയില്‍ നിന്ന് മാറി മറ്റൊരിടമായി നിന്നിരുന്ന കല്യാണ്‍ നഗരത്തെ മുംബൈ മലയാളികളുടെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക നഗരമാക്കി മാറ്റാനുള്ള വലിയൊരു ദൗത്യത്തിനാണ് കല്യാണ്‍ സാംസ്‌കാരിക വേദി തുടക്കം കുറിച്ചിരിക്കുന്നതെന്ന് ലളിതാ മേനോന്‍ പറഞ്ഞു.

കഥകളുടെയും കവിതകളുടെയും അവതരണങ്ങള്‍ക്കപ്പുറം കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ പുതിയ സാദ്ധ്യതകള്‍ തേടാനാണ് സാംസ്‌കാരിക വേദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാണ് മുന്നോട്ടുപോകുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും ലളിതാ മേനോന്‍ പറഞ്ഞു.

സന്തോഷ് പല്ലശ്ശന ചടങ്ങ് നിയന്ത്രിച്ചു. ലിജി നമ്പ്യാര്‍ സ്വാഗതം ആശംസിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാട്ടൂര്‍ മുരളിയെ ചടങ്ങില്‍ ആദരിച്ചു.

നീലക്കുറിഞ്ഞി ഡിപ്ലോമ കോഴ്‌സ് പാസായ അഞ്ജന നമ്പ്യാര്‍, അഞ്ജലി സുധാകരന്‍, അനന്തകൃഷ്ണന്‍ നായര്‍, അപര്‍ണ നായര്‍, ഉജ്ജ്വല്‍ ശ്രീധരന്‍, സ്‌നേഹ മോഹന്‍ദാസ് മേനോന്‍ എന്നിവരെ സര്‍ട്ടിഫിക്കറ്റും സ്മൃതിചിഹ്നവും നല്‍കി ആദരിച്ചു.

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ മുംബ്ര – കല്യാണ്‍ മേഖലാ മത്സര വിജയികളായ ശ്രീപ്രിയ വിജയകുമാര്‍ നായര്‍, സാന്ദ്ര പ്രകാശം നായര്‍, കൃഷ്ണപ്രിയ നായര്‍ എന്നിവരെയും വേദിയുടെ സാരഥികളായ സന്തോഷ് പല്ലശ്ശന, കെ വിഎസ് നെല്ലുവായ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കവിതാമത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും സ്മൃതിചിഹ്നവും സമ്മാനിച്ചു.

തുടര്‍ന്നു നടന്ന കാവ്യസന്ധ്യയില്‍ സാന്ദ്ര പ്രകാശം, ശ്രീപ്രിയ, കൃഷ്ണപ്രിയ, ടി കെ മുരളീധരന്‍, പി കെ മുരളീകൃഷ്ണന്‍, സുനിത എഴുമാവില്‍, സുരേഷ് നായര്‍, സുരേഷ് കുമാര്‍ ടി, കുറ്റൂര്‍ രാജേന്ദ്രന്‍, ഇന്ദിരാ കുമുദ്, ജയശ്രീ രാജേഷ്, ഇ. ഹരീന്ദ്രനാഥ്, അജിത്ത് ആനാരി, അമ്പിളി കൃഷ്ണകുമാര്‍, രേഖാ രാജ്, സവിത മോഹന്‍, സുജാത നായര്‍, ലിജി നമ്പ്യാര്‍, അജിത് ശങ്കരന്‍, ജോയ് ഗുരുവായൂര്‍, കെ വി എസ് നെല്ലുവായ്, ലളിത മേനോന്‍, സന്തോഷ് പല്ലശ്ശന എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

കാവ്യസന്ധ്യയിലെ കവിതകളെ വിലയിരുത്തിക്കൊണ്ട് സുനിത എഴുമാവില്‍, രമേശ് നാരായണന്‍, അമൃതജ്യോതി ഗോപാലകൃഷ്ണന്‍, പി.കെ. മുരളീകൃഷണന്‍ എന്നിവര്‍ സംസാരിച്ചു. ഈസ്റ്റ് കല്യാണ്‍ കേരള സമാജം വൈസ് പ്രസിഡന്റ് ഷാജി അഗസ്റ്റിന്‍ നന്ദി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക