വരൻ മദ്യപിച്ചെത്തി ലക്കുകെട്ട് വധുവിൻ്റെ ഉറ്റ സുഹൃത്തിനെ മാലയണിച്ചതോടെ വരൻ്റെ കരണത്തടിച്ച ശേഷം വധു വിവാഹ പന്തലില്‍ നിന്നിറങ്ങിപ്പോയി.ഉത്തർപ്രദേശിലെ ബറേയിലാണ് സംഭവം. 21കാരിയായ രാധാ ദേവിയുടേയും 26 കാരനായ രവീന്ദ്ര കുമാറിൻ്റേയും വിവാഹത്തിനിടെയാണ് ഈ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. രവീന്ദ്ര കുമാർ വളരെ വൈകി വിവാഹ പന്തലില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.വിവാഹ ചടങ്ങുകള്‍ക്ക് മുമ്ബുള്ള ചടങ്ങുകളില്‍ ഒന്നായ മാല മാറ്റല്‍ ചടങ്ങിന് തൊട്ടുമുൻപ് മുമ്ബ് വരൻ തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു. പിന്നാലെ വിവാഹ പന്തലിലെത്തിയ ഇയാള്‍ അബദ്ധത്തില്‍ വധുവിന്റെ അരികില്‍ നിന്നിരുന്ന ഉറ്റ സുഹൃത്തിനെ മാല അണിയിക്കുകയായിരുന്നു.
ഇതില്‍ പ്രകോപിതയായ വധു ഉടൻ തന്നെ വരൻ്റെ കരണത്തടിച്ചു. പിന്നാലെ വിവാഹത്തിന് താത്പര്യമില്ലെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇതേത്തുടർന്ന് വധു-വരന്മാരുടെ ബന്ധുക്കള്‍ തമ്മിലും വാക്കുതർക്കം ഉണ്ടായി. ഇരുവരും പരസ്പരം കസേരകള്‍ എറിഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ടാണ് സാഹചര്യം നിയന്ത്രിച്ചത്.
വരന്റെ കുടുബം സ്ത്രീധനം ആവശ്യപ്പെട്ട് ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തരമൊരു സംഘർഷം വിവാഹ വേദിയില്‍ പൊട്ടിപ്പുറപ്പെട്ടത്.വിവാഹത്തിന് മുമ്ബുള്ള ചടങ്ങുകള്‍ക്കുവേണ്ടി 2.5 ലക്ഷം രൂപയും വിവാഹ ദിവസം രാവിലെ 2 ലക്ഷം രൂപയും വരന് വധുവിന്റെ വീട്ടുകാര്‍ നല്‍കിയിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വധുവിന്റെ കുടുംബത്തെ മനഃപൂർവ്വം അപമാനിച്ചതിനും സമാധാനം തകർത്തതിനും പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെതിരെയും കേസെടുത്തിട്ടുണ്ട്





