കോട്ടയം ജില്ലയിലെ വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി നാളെ നടത്താനിരുന്ന പ്രകടനം വിലക്കി പോലീസ്.പരിപാടിക്ക് അനുമതിയില്ലെന്ന് അറിയിച്ച് സംഘാടകരായ അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ക്ക് തലയോലപ്പറമ്ബ് സിഐ നോട്ടീസ് നല്‍കി.
റോഡ് ഉപരോധിച്ച് പരിപാടി നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്നും അല്‍മായ മുന്നേറ്റം വൈക്കം ഫൊറോന പ്രസിഡൻ്റ് എം എം മാത്യൂ മണിപ്പാടന് നല്‍കിയ നോട്ടീസില്‍ പറയുന്നു.എറണാകുളം- അങ്കമാലി അതിരൂപതയില്‍പ്പെട്ട ഈ പള്ളിയില്‍ കുർബാന ക്രമത്തെച്ചൊല്ലി തർക്കം നിലനില്‍ക്കുകയായിരുന്നു.
മെത്രാൻ സിനഡ് നിർദേശിച്ച വിധത്തില്‍ ഏകീകൃത കുർബാന നടത്താൻ അഡ്മിനിസ്ട്രേറ്ററായി ഫാ.ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഈ മാസം ഒന്നിന് രാവിലെ വൈദികനെത്തി കുർബാന തുടങ്ങിയതോടെ ഒരു വിഭാഗമാളുകള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തു. ഫാ. ജോണിനെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായി പോലീസ് എഫ്‌ഐആറിലുണ്ട്.
ഇരുപക്ഷത്തുമുള്ള 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇടവക വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതില്‍ പലർക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ച് പള്ളി പൂട്ടിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികള്‍ വിലക്കികൊണ്ടുള്ള പോലീസ് ഇടപെടല്‍.





