മോട്ടോർ വാഹന വകുപ്പ് 2025 മാർച്ച് ഒന്ന് മുതല്‍ എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കാൻ ഒരുങ്ങുകയാണ്.ഇതിൻ്റെ ഭാഗമായി വാഹന ഉടമകള്‍ തങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ ‘പരിവാഹൻ’ പോർട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.
എങ്ങനെ മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്യാം?
ഇതുവരെ ആധാർ അധിഷ്ഠിത മൊബൈല്‍ നമ്ബർ പരിവാഹനില്‍ ചേർത്തിട്ടില്ലാത്ത വാഹന ഉടമകള്‍ എത്രയും പെട്ടെന്ന് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കണം. ഇതിനായി ഒന്നുകില്‍ സ്വയമായോ അല്ലെങ്കില്‍ അടുത്തുള്ള ഇ-സേവാ കേന്ദ്രങ്ങള്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നിങ്ങളുടെ മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വാഹൻ സൈറ്റില്‍ കയറി നിങ്ങളുടെ വാഹന നമ്ബർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാല്‍ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകള്‍ കാണാൻ സാധിക്കും അതില്‍ താഴെ ഭാഗത്ത് മൊബൈല്‍ നമ്ബർ അപ്ഡേഷൻ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ വിൻഡോയില്‍ ആധാർ നമ്ബറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എൻറർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
പ്രത്യേക സൗകര്യം
മൊബൈല്‍ നമ്ബർ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർക്കായി മോട്ടോർ വാഹന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരം ആളുകള്‍ക്കായി ഫെബ്രുവരി 28 വരെ ആർ.ടി.ഒ./ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്)/സബ്.ആർ.ടി.ഒ ഓഫീസുകളില്‍ സ്പെഷ്യല്‍ കൗണ്ടറുകള്‍ പ്രവർത്തിക്കുന്നതാണ്. അവിടെ നേരിട്ടെത്തി മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്യാവുന്നതാണ്.





