ഡല്‍ഹി മദ്യനയ കേസിലെ പ്രതിയും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ ദുരൂഹതകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് കവിതയുടെ സന്ദർശനം ദുരൂഹമാണെന്ന ആരോപണം ഉയർത്തിയത്.

ഡി.എൻ.സി (ഡല്‍ഹി ന്യൂ എക്‌സൈസ് പോളിസി) അഴിമതി കേസില്‍ പ്രധാന പ്രതികളിലൊരാളായ കവിത, ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടയാളാണ്. സതീശന്റെ ആരോപണം അനുസരിച്ച്‌, കവിത കേരളത്തില്‍ വന്നതും സർക്കാർ തലത്തില്‍ ബന്ധം സ്ഥാപിച്ചതും ഈ മദ്യ കമ്ബനിയുടെ കാരണത്താല്‍ ആണെന്നതാണ്. “ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധമുള്ള ഒയാസിസ് കമ്ബനിയുടെയും കവിതയുടെയും ഇടപെടലുകള്‍ കേരളത്തിലും ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. കവിത എവിടെയാണ് താമസിച്ചതും, ആരെയൊക്കെ കണ്ടു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം. ഒരുപാട് ദുരൂഹ ഇടപാടുകള്‍ ഇവിടെ നടന്നിട്ടുണ്ട്.” – വി.ഡി. സതീശൻ പറഞ്ഞു.വി. ഡിയുടെ ഈ പരാമർശങ്ങള്‍ കേരളത്തിലെ എക്സൈസ് വകുപ്പ്, സർക്കാർ തലത്തില്‍ ഉണ്ടായ സമവായങ്ങള്‍ തുടങ്ങിയവയെ ചുറ്റിപ്പറ്റി പുതിയ സംശയങ്ങള്‍ ഉയർത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കവിത മുമ്ബ് 2019ല്‍ കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അന്ന് തെലങ്കാനയിലെ നിസാമബാദ് മണ്ഡലത്തില്‍ നിന്നുള്ള എം.പി ആയിരുന്നു കവിത. കാസ്റ്റ് ആൻഡ് ഡിസ്‌ കണ്‍ ഡൻസ്’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു.പിന്നീട് 2022 മെയ് മാസം കേരള നിയമസഭയില്‍ നടന്ന ഇന്ത്യൻ പാർലമെന്റിലേയും സംസ്ഥാന നിയമസഭകളിലേയും വനിതാ അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കവിത വീണ്ടും കേരളത്തിലെത്തി. 2022 സെപ്റ്റംബർ 3ന് എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു. അതിനുശേഷം എക്സൈസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തു. കവിതയുടെ കേരള സന്ദർശനത്തിനു മൂന്നു മാസത്തിന് ശേഷം അദ്ദേഹത്തിന്റെ നിയമനം നടന്നതും, തുടർന്ന് ഒയാസിസ് ഗ്രൂപ്പ് കേരള മദ്യവ്യാപാര രംഗത്തേക്ക് പ്രവേശിച്ചതും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. 2022 സെപ്റ്റംബർ 6നാണ് എം.ബി. രാജേഷ് എക്സൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനുശേഷം കേരള മദ്യനയത്തിലും വ്യവസായ മേഖലയിലും ചില നിർണ്ണായക മാറ്റങ്ങള്‍ ഉണ്ടായി.

2024 മാർച്ചില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കവിതയെ അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇ.ഡി നടപടി സ്വീകരിച്ചത്. അതേ വർഷം ഏപ്രിലില്‍ സിബിഐയും കവിതയെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം അന്നത്തെ അന്വേഷണം കർശനമായതോടെയാണ് കവിത അഞ്ച് മാസം വരെയാണ് തീഹാർ ജയിലില്‍ കഴിഞ്ഞത്. ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മദ്യ നിർമ്മാണ കമ്ബനിക്ക് വേണ്ടി ഡല്‍ഹി സർക്കാർ നയപരിഷ്കാരം നടത്തി എന്നതാണ് കേസ്. ഇതിന് അനുകൂലമായ തീരുമാനങ്ങള്‍ കെ. കവിത ഇടപെട്ട് എടുക്കാൻ ശ്രമിച്ചു എന്നതും അന്വേഷണ ഏജൻസികളുടെ പ്രാഥമിക കണ്ടെത്തലുകളിലൊന്നാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തമ്മിലുള്ള ഉറ്റ ബന്ധം പുതിയ വിവാദങ്ങള്‍ക്കിടയാക്കുന്നുണ്ട്. 2019 മേയ് മാസത്തില്‍ തെലുങ്കാന മുഖ്യമന്ത്രി ആയിരുന്ന ചന്ദ്രശേഖര റാവു ക്ലിഫ് ഹൗസില്‍ പിണറായി വിജയനെ സന്ദർശിച്ചിരുന്നു. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ ഒരു പ്രതിപക്ഷ മുന്നണി രൂപീകരിക്കാനായിരുന്നു ആലോചന. 2023 ജനുവരിയില്‍ ഹൈദരാബാദില്‍ ചന്ദ്രശേഖര റാവു വിളിച്ച 21 അംഗ പ്രതിപക്ഷ യോഗത്തില്‍ പിണറായി വിജയനും പങ്കെടുത്തിരുന്നു.

ഇതിനിടെ കവിതയും എം.ബി. രാജേഷും തമ്മിലുള്ള ബന്ധം, ഒയാസിസ് ഗ്രൂപ്പിന്‍റെ കേരളത്തിലെ എൻട്രി, മദ്യനയക്കേസില്‍ കവിതക്കെതിരായ അന്വേഷണങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ ആവശ്യമാണെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഈ ആരോപണങ്ങള്‍ക്കിടയില്‍ സത്യാവസ്ഥ വ്യക്തമാക്കുന്നതിനായി കേരള സർക്കാർ വിശദീകരണവുമായി മുന്നോട്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. കവിതയുടെ കേരള സന്ദർശനം വെറും ഔദ്യോഗിക പരിപാടികളിലേക്കുള്ള സന്ദർശനമായിരുന്നോ, അതോ വലിയൊരു കുതന്ത്രത്തിന്‍റെ ഭാഗമായിരുന്നോ എന്നത് ഇനി നടക്കുന്ന രാഷ്ട്രീയ ചർച്ചകളിലൂടെ വ്യക്തത വരുത്തേണ്ടതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക