ഈ വർഷത്തെ പത്മ പരുസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും തിരഞ്ഞത് പത്മശ്രീ ലഭിച്ച ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹ് എന്ന വനിതയെയാണ്.കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ യോഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വനിത എന്നതായിരുന്നു ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹിനെ സംബന്ധിച്ച വിവരണം. ഇതോടെ ആളുകള്‍ ആരാണീ ഷെയ്ഖ എന്ന അന്വേഷണത്തിലായി.

കുവൈറ്റില്‍ പത്തുലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. എന്നാല്‍, ഇവരില്‍ ഒരാളല്ല ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹ്. മറിച്ച്‌ കുവൈറ്റ് രാജകുടുംബാംഗമാണ് ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരത്തിന് അർഹയായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാണ് ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹ് എന്നറിയേണ്ടേ? എന്തിനാണ് അവരെ ഇന്ത്യ പരമോന്നത സിവിലിയൻ ബഹുമതി നല്‍കി ആദരിച്ചതെന്നും അറിയണമല്ലോ. ഷെയ്ഖ എ.എല്‍.ജെ. അല്‍ സബാഹ് എന്ന കുവൈറ്റ് രാജകുടുംബാംഗം അഭിഭാഷക, സംരംഭക, മാനുഷികാവകാശ പ്രവർത്തക എന്നീ നിലകളില്‍ പ്രശസ്തയാണ്. 2001ലാണ് ഷെയ്ഖ തൻറെ ‘യോഗ’ യാത്ര ആരംഭിച്ചത്. 2014ല്‍ കുവൈറ്റിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരത്മ സ്ഥാപിച്ചു. ദാരത്മ എന്ന പേര് അറബി പദമായ ‘ദാർ’ (വീട്) എന്ന പദവും ‘ആത്മ’ (ആത്മാവ്) എന്ന സംസ്കൃത പദവും ചേർത്തുള്ളതാണ്. യോഗ പഠിപ്പിക്കുന്നതിന് ലൈസൻസ് നേടിയതിനു പുറമേ, കുവൈറ്റില്‍ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ കുവൈറ്റ് സന്ദർശന വേളയില്‍ ഷെയ്ഖ എ.എല്‍.ജെ. അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗയ്ക്കും ഫിറ്റ്നസിനും വേണ്ടിയുള്ള ഷെയ്ഖയുടെ അർപ്പണബോധം, ഗള്‍ഫ് മേഖലയിലെ സംഭാവനകള്‍, കൂടാതെ യുവാക്കള്‍ക്കിടയില്‍ യോഗയെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനുള്ള കാര്യങ്ങള്‍ സംസാരിച്ചതായി മോദി എക്സ് പ്ലാറ്റ്ഫോമില്‍ വിവരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയില്‍ കല, സാംസ്കാരിക മേഖലയില്‍ അടക്കം ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

ഇന്ത്യയുടെ അഭിമാനകരമായ സിവിലിയൻ അവാർഡുകളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യ കുവൈറ്റ് സ്വദേശിയായ ഷെയ്ഖ എ.എല്‍.ജെ. അല്‍ സബാഹിനെ കുവൈറ്റ് ഇന്ത്യൻ എംബസി അഭിനന്ദിച്ചു. രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച്‌ കുവൈറ്റ് എംബസിയുടെ കീഴില്‍ നടത്തുന്ന യോഗ സെഷനുകളില്‍ ഷെയ്ഖയുടെ നിറസാന്നിധ്യം ഉണ്ടാകാറുണ്ട്. ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹിൻറെ പുരസ്കാരം യോഗയോടുള്ള ആഗോള അംഗീകാരത്തിനൊപ്പം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധവും എടുത്തുകാണിക്കുന്നു.

ഇത്തവണ 7 പേർക്ക് പത്മവിഭൂഷണ്‍, 19 പേർക്ക് പത്മഭൂഷണ്‍, 113 പേർക്ക് പത്മശ്രീ എന്നിവ ലഭിച്ചിട്ടുണ്ട്. ഇതില്‍ 23 പേർ വനിതകളാണ്. 10 പേർ വിദേശികള്‍/എൻആർഐ/പിഐഒ/ഒസിഐ വിഭാഗത്തിലും 13 പേർക്ക് മരണാനന്തര ബഹുമതികളുമാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിക്കുന്ന പുരസ്കാരം പിന്നീട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക