തൃക്കോട്ടൂർ എ.യു.പി. സ്കൂളിലും പയ്യോളി ഗവ. ഹൈസ്കൂളിലും പഠിക്കുമ്ബോള്‍ ആകാശത്ത് വിമാനത്തിന്റെ ഇരമ്ബല്‍ കേള്‍ക്കുമ്ബോള്‍ കുഞ്ഞ് അനിരുദ്ധിന്റെ മനസ്സില്‍ മൊട്ടിട്ടതായിരുന്നു അനന്തവിഹായുസ്സില്‍ പറക്കണമെന്ന മോഹം.യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ നാഷണല്‍ ഡിഫൻസ് അക്കാദമി ആൻഡ് നേവല്‍ അക്കാദമി പരീക്ഷയും മറ്റ് കടമ്ബകളും കടന്ന് 34-ാം റാങ്കുകാരനായതോടെ പയ്യോളി കരിങ്ങാറ്റിയില്‍ സജിനി നിവാസില്‍ പി. അനിരുദ്ധിന്റെ സ്വപ്നങ്ങള്‍ക്ക് സാഫല്യമായി.
ആർമി, നേവി, എയർഫോഴ്സ് മൂന്ന് വിഭാഗങ്ങളുമുള്‍പ്പെടുന്ന കോമണ്‍ റാങ്ക് ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ട ഏകമലയാളികൂടിയാണ് ഈ പതിനെട്ടുകാരൻ. എയർഫോഴ്സ് ഫ്ലൈയിങ് വിഭാഗത്തിലാണ് അനിരുദ്ധ് തിരഞ്ഞെടുക്കപ്പെട്ടത്.ആദ്യം ഗുജറാത്തിലെ ഗാന്ധിനഗറിലെ എയർഫോഴ്സ് സെലക്ഷൻ ബോർഡ് ആസ്ഥാനത്ത് തുടർച്ചയായ അഞ്ചുദിവസത്തെ അതികഠിനമായ ഇന്റർവ്യൂ. പിന്നീട് മൈസൂരുവില്‍ പൈലറ്റ് അഭിരുചിപരീക്ഷ. വിമാനയാത്രയിലും പരീക്ഷണം.
തുടർന്ന്, ബെംഗളൂരുവിലും ഡല്‍ഹിയിലുമായി 23 ദിവസത്തെ മെഡിക്കല്‍ ടെസ്റ്റ്. എല്ലാ കടമ്ബകളും മറികടന്ന് പുണെ നാഷണല്‍ ഡിഫൻസ് അക്കാദമിയില്‍ മൂന്നുവർഷത്തെ പരിശീലനത്തിനായി രാജ്യത്തെ 153-ാം ബാച്ചിലേക്ക് അനിരുദ്ധ് തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനം കഴിഞ്ഞാല്‍ യുദ്ധവിമാനം പറത്താം.
കോഴിക്കോട് എൻ.ഐ.ടി.യില്‍ ഒന്നാംവർഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാർഥിയായിരിക്കുമ്ബോഴാണ് എൻ.ഡി.എ. പരീക്ഷയിലെ മിന്നുംവിജയം. സ്വപ്നങ്ങള്‍ കാണണ്ടേത് ഉണർന്നിരിക്കുമ്ബോഴാണെന്ന അബ്ദുള്‍കലാമിന്റെ വാക്കുകള്‍ ജീവിതത്തില്‍ പ്രചോദനമായതായി അനിരുദ്ധ് പറഞ്ഞു. പലോറോ ഹയർസെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപകൻ കെ. പ്രബീഷ് കുമാറിന്റെയും തിരുവള്ളൂർ ശാന്തിനികേതൻ എച്ച്.എസ്.എസ്. പ്രധാനാധ്യാപിക കെ.പി. വൃന്ദയുടെയും മകനാണ്. കീഴല്‍ യു.പി. സ്കൂള്‍ അധ്യാപിക അരുന്ധതി സഹോദരിയാണ്.





