ഉത്തര കൊറിയ എന്ന രാജ്യം ഇന്നും ലോകരാജ്യങ്ങള്‍ക്ക് ബാലി കേറാ മലയാണ്. അടുത്തിടെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും രാജ്യത്ത് സ്വാതന്ത്ര്യമുള്ള ഏക വ്യക്തി ഭരണാധികാരിയായ കിം ജോങ് ഉന്‍ മാത്രമാണ്.പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹെയര്‍ സ്റ്റൈലിന് പോലും കൃത്യമായ രീതിയുണ്ട്. അതില്‍ നിന്നും മാറി മുടി വെട്ടിയാല്‍ പോലും തടവാണ് ശിക്ഷ.
ഇതിന് മുമ്ബ് നിരവധി തവണ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ കിം ജോങ് ഉന്നിന്‍റെ ക്രൂരമായ വിനോദങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. പ്രശസ്ത അവതാരകനായ ജോ റോഗന്‍ അടുത്തിടെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലെത്തിയ ഒരു യുവതിയുമായി അഭിമുഖം നടത്തിയപ്പോള്‍, കിമ്മിന്‍റെ ക്രൂര വിനോദങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലിനെ തുടർന്ന് അതും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അടച്ച അതിർത്തികള്‍, കിം കുടുംബത്തിന്‍റെ സ്വേച്ഛാധിപത്യം, പൗരന്മാർ പാലിക്കേണ്ട അസാധാരണമായ നിയമങ്ങള്‍ എന്നിവയ്ക്ക് ഉത്തര കൊറിയ പേരുകേട്ടതാണ്. ഇക്കൂട്ടത്തില്‍ നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഛായാചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കണമെന്ന് ഒരു നിയമമുണ്ട്. ആ ഫോട്ടോയില്‍ പൊടി വല്ലതും അടിഞ്ഞിട്ടുണ്ടോ എന്ന് അറിയാന്‍ പാതിരാത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും. അവരുടെ പരിശോധനയില്‍ കിമ്മിന്‍റെ ഫോട്ടോയില്‍ പൊടിയോ മാറാലയോ മറ്റെന്തെങ്കിലുമോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍, കുടുംബത്തിന്‍റെ രാജഭക്തിയില്‍ ഇടിവ് വന്നെന്ന് ആരോപിച്ച് കുടുംബത്തിലെ മൂന്ന് തലമുറയെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കുമെന്ന് യുവതി അഭിമുഖത്തിനിടെ വെളിപ്പെടുത്തുന്നു.