നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ആഭിമുഖ്യത്തിൽ ദ്വിദിന മലയാള ക്യാമ്പ് നൂതനാനുഭവമായി. മലയാളഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിക്കുകയും ആഴത്തിലുള്ള ഭാഷാ അറിവ് കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്യുകയായിരുന്നു ഈ ക്യാമ്പിന്റെ ലക്ഷ്യം. മലയാളം ക്യാമ്പിനായി കേരളത്തിൽ നിന്ന് വന്ന ബാലചന്ദ്രൻ കൊട്ടോടി, എം.ബി കുഞ്ഞികൃഷ്ണൻ എന്നീ പരിചയസമ്പന്നരായ ഭാഷാ വിദഗ്ദ്ധർ രണ്ടു ദിവസത്തെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
അവരുടെ മികവുറ്റ പാഠങ്ങൾ, ഭാഷാശൈലികൾ, കലാപരമായ പ്രവർത്തനങ്ങൾ എന്നിവ കുട്ടികളിൽ വലിയ ആവേശമാണ് ഉണർത്തിയത്. ക്യാമ്പിന്റെ അവസാന ദിവസം കുട്ടികൾ അവതരിപ്പിച്ച ഭാഷാപരവും കലാപരവുമായ പ്രകടനങ്ങൾ നവ്യാനുഭവമായി. മലയാളത്തിൻ്റെ പ്രാധാന്യവും ഭാഷയെ ആയസരഹിതമായ പുതു തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമവുമായിരുന്നു എൻ.ബി.കെ.എസ് ന്റെ പ്രധാന ഉദ്ദേശമെന്ന് സ്വാഗത പ്രസംഗത്തിൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട പറഞ്ഞു. ഇതു പോലുള്ള മലയാളം ക്യാമ്പുകളിൽ രക്ഷിതാക്കൾ കുട്ടികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കണം എന്ന് പ്രസിഡന്റ് കെ.എ. കുറപ്പ് അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷത്തേക്കാൾ കുട്ടികളെ ക്യാമ്പിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ടെന്ന് കൺവീനർ അനിൽ പരുമല നന്ദി പ്രസംഗത്തിൽ പറഞ്ഞു.ആട്ടവും പാട്ടും കളിയും ചിരിയുമായി ആഘോഷിച്ച് മതിയാവാതെയാണ് കുട്ടികൾ പിരിഞ്ഞത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമാജം വക ഉപഹാരങ്ങൾ നൽകി.






