പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു.

അപേക്ഷയ്ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയല്‍ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എല്‍.സി. ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താൻ പരമാവധി രണ്ടവസരമേ നല്‍കൂവെന്ന നിബന്ധനയില്‍ മാറ്റമില്ല.

ആധാർ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേല്‍വിലാസത്തിന്റെ തെളിവ് ബാങ്കുരേഖയില്‍ ലഭ്യമാണെന്നും ഇ-കെ.വൈ.സി. പൂർണമാണെന്നും ശാഖാമാനേജർ സാക്ഷ്യപത്രം നല്‍കണം. പൊതുമേഖലാ ബാങ്ക് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കിനു പുറമേയാണിത്.

ജനനത്തീയതി ഒരുതവണയേ തിരുത്താനാകൂവെന്ന നിബന്ധന തുടരുമ്ബോഴും നിയന്ത്രണം കടുപ്പിച്ചു. 18 വയസ്സുവരെയുള്ളവരുടെ ജനനത്തീയതി തിരുത്താൻ അതതു സംസ്ഥാനത്തെ അംഗീകൃത അധികാരികള്‍ നല്‍കുന്ന ജനനസർട്ടിഫിക്കറ്റു മാത്രമേ പരിഗണിക്കൂ. പാസ്പോർട്ട്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവ ഒഴിവാക്കി.

18 വയസ്സിനു മുകളിലുള്ളവർക്ക് എസ്.എസ്.എല്‍.സി. ബുക്ക് ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് എന്നിവ നല്‍കണം. എസ്.എസ്.എല്‍.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക