സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ന്യൂസ് എഡിറ്റർ നീലിമ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇൻപുട് എഡിറ്ററായി ഇന്ന് ജോയിൻ ചെയ്തു.
പ്രമുഖപക്ഷി നിരീക്ഷകനും 1949 മുതല്‍ 1964 വരെ ദേശാഭിമാനി പത്രാധിപരുമായിരുന്ന വിടി ഇന്ദുചൂഡൻ കമ്യൂണിസം വിട്ട് ആർഎസ്‌എസില്‍ ചേർന്ന സംഭവത്തിന് ശേഷം മറ്റൊരു പ്രമുഖ കമ്യൂണിസ്റ്റ് മാധ്യമ പ്രവർത്തക സംഘപരിവാർ ക്യാമ്ബിലേക്ക് ചെല്ലുന്നു എന്ന പ്രത്യേകതയുണ്ട് നീലിമയുടെ ചുവട് മാറ്റത്തില്‍. നീലിമ കൈരളി വിട്ട് ജനം ടിവിയില്‍ ചേരുന്ന വിവരം ആർഎസ്‌എസിൻ്റെ ദക്ഷിണേന്ത്യാ ചുമതലയുള്ള വിശേഷാല്‍ സമ്ബർക്ക് പ്രമുഖ് എ ജയകുമാറാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാർ തൃശൂരില്‍ ആർഎസ്‌എസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെലയെ സന്ദർശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ജയകുമാര്‍.
“ശ്രീമതി നീലിമ.. ഒരു വർഷം ദേശാഭിമാനി പത്രത്തിലും, 24 വർഷം കൈരളി ന്യൂസ് ചാനലിലും ആയി കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവർത്തനം. കൈരളിയുടെ എഡിറ്റോറിയല്‍ ഡിബേറ്റ്കളിലെ നിറസാന്നിധ്യമായിരുന്നു.കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തില്‍ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്. നീലിമ ദേശീയതയുടേയും നമ്മുടെ സംസ്കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ ഇൻപുട്ട് എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്.നമ്മുടെ എല്ലാവരുടെയും ആശീർവാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുവാൻ വേണ്ട വിശാലതയും ദീർഘവീക്ഷണവും നമുക്കുണ്ടാകണം” എന്നായിരുന്നു ജയകുമാറിൻ്റെ പോസ്റ്റ്.

നീലിമയുടെ കൂടുമാറ്റത്തെ സംഘ പരിവാർ കേന്ദ്രങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റുകയാണ്. കൈരളി ടിവിയുടെ വാർത്താ ചർച്ചകളിലെ പ്രധാന അവതാരകയായിരുന്ന നീലിമ കൈരളിയുടെ തുടക്കം മുതല്‍ അവിടെ ജോലി ചെയ്തിരുന്ന ജേർണലിസ്റ്റാണ്. സിപിഎം- ബി ജെ പി ഡീലിനെക്കുറിച്ചുള്ള ചർച്ചകള്‍ അന്തരീക്ഷത്തില്‍ സജീവമായി നില്‍ക്കുമ്ബോഴാണ് കമ്യൂണിസ്റ്റുകാരിയായ നീലിമ സംഘപരിവാർ പാളയത്തിലേക്ക് പോകുന്നത്.








