കാറ്ററിംഗ് യൂണിറ്റുകളിലെ ഭക്ഷണങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന.
സെൻട്രല്‍ സോണിന്റെ കീഴില്‍ വരുന്ന പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് 30 സ്‌ക്വാഡുകളായി തിരിഞ്ഞ് 151 കാറ്ററിംഗ് യൂണിറ്റുകളിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവർത്തിച്ച 8 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പിച്ചു. കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകള്‍, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍, ഭക്ഷണം ട്രാൻസ്‌പോർട്ട് ചെയ്യുന്ന രീതി എന്നിവയാണ് പരിശോധിച്ചത്.
32 സ്ഥാപനങ്ങളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. 58 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 13 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 9 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസും നല്‍കി.
സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഏകോപനത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി.എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.