സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍ ഡയറക്ടറുമായ ദിനേശ് ബാഘേല്‍, മൂന്നു അധ്യാപകർ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂള്‍ ഡയറക്ടറുടെ പിതാവ് ദുർമന്ത്രത്തില്‍ വിശ്വസിച്ചിരുന്നതായും സ്കൂളിന് വിജയമുണ്ടാകാൻ വിദ്യാർഥിയെ ബലി നല്‍കണമെന്ന് മകനെയും അധ്യാപകരെയും വിശ്വസിപ്പിച്ചതായും പോലീസ് പറഞ്ഞു.
സ്കൂളിന് പുറത്തുള്ള കുഴല്‍ക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നല്‍കാനായിരുന്നു നീക്കം. ഇതിനായി സ്കൂള്‍ ഹോസ്റ്റലില്‍നിന്ന് കുട്ടിയെ ബലമായി പുറത്തെത്തിച്ചതോടെ കുട്ടി ഭയന്ന് നിലവിളിക്കാൻ തുടങ്ങി. ഇതോടെ പ്രതികള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകന് സുഖമില്ലെന്നും ഉടൻ സ്കൂളിലേക്ക് എത്തണമെന്നുമാണ് പ്രതികള്‍ പിതാവിനെ അറിയിച്ചത്. സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടിയുടെ നില ഗുരുതരമായെന്നും സ്കൂള്‍ ഡയറക്ടർ കാറില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അധികൃതർ പറഞ്ഞു. പിന്നീട് കുട്ടിയുടെ മൃതദേഹം സ്കൂള്‍ ഡയറക്ടറുടെ കാറില്‍നിന്നും കണ്ടെടുക്കുകയായിരുന്നു. പോലീസ് പരിശോധനയില്‍ സ്കൂള്‍ പരിസരത്തുനിന്നും ദുർമന്ത്രാവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തു. സെപ്റ്റംബർ 9ന് മറ്റൊരു കുട്ടിയെ ബലി നല്‍കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.





