സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണം, ധനവിനിയോഗം, വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയവ ഏകീകൃത ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) പദ്ധതിക്കായുള്ള സോഫ്റ്റ്വെയർ ‘അസാപ് കേരള’യെ മുന്നില്‍ നിർത്തി മഹാരാഷ്ട്രയിലെ വിവാദ കമ്ബനിക്ക് നല്‍കുന്നു. സോഫ്റ്റ്വെയർ പിഴവു കാരണം പരീക്ഷഫലവും മാർക്ക് ലിസ്റ്റും മാസങ്ങളോളം വൈകിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ വിവിധ സർവകലാശാലകള്‍ പടിക്കുപുറത്താക്കിയ മഹാരാഷ്ട്ര നോളജ് കോർപറേഷൻ ലിമിറ്റഡ് (എം.കെ.സി.എല്‍) കമ്ബനിക്കാണ് സോഫ്റ്റ്വെയർ കരാർ നല്‍കാനുള്ള നീക്കം നടക്കുന്നത്.

ഇതിന് മുന്നോടിയായി അസാപിന് സോഫ്റ്റ്വെയർ വികസിപ്പിക്കല്‍ കരാർ നല്‍കാൻ സർക്കാർ തലത്തില്‍ തീരുമാനമായി. തുടർനടപടികള്‍ക്ക് നിർദേശിച്ച്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്ത് നല്‍കുകയും ചെയ്തു. വിപുലമായ സോഫ്റ്റ്വെയർ സൊലൂഷൻ വികസിപ്പിക്കുന്നതില്‍ വൈദഗ്ധ്യമില്ലാത്ത അസാപിന് പിന്നില്‍ എം.കെ.സി.എല്ലിനെ നിർത്തിയാണ് ഇടപാട്. സോഫ്റ്റ്വെയർ പിഴവും നിലവാരമില്ലാത്ത സേവനവും കാരണം നാഗ്പൂർ സർവകലാശാല 2022ല്‍ എം.കെ.സി.എല്ലിന്‍റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. മുംബൈ സർവകലാശാലയിലും ഇവർക്കെതിരെ വ്യാപക പരാതി ഉയർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരമൊരു കമ്ബനിയെ കോടികള്‍ മറിയുന്ന ഇടപാടിലേക്ക് ആനയിക്കുന്നതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന. സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷന്‍റെയും ഡോ. സി.ടി അരവിന്ദ്കുമാർ അധ്യക്ഷനായ പരീക്ഷ പരിഷ്കരണ കമീഷ‍ന്‍റെയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷാനടത്തിപ്പ് മേഖലയില്‍ സോഫ്റ്റ്വെയർ രീതി കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാല്‍, സർക്കാർ കമ്ബനിയായ അസാപിനാണ് കരാർ നല്‍കുന്നതെന്നും അതില്‍ ക്രമക്കേടില്ലെന്നുമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധികൃതർ വാദിക്കുന്നത്.

വിദ്യാർഥികളെ പിഴിയും; പരീക്ഷാഫീസ് ഉയരും

കെ-റീപ് പദ്ധതിയിലൂടെ പരീക്ഷ നടത്തിപ്പില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്ക് വിദ്യാർഥികളില്‍നിന്ന് പ്രത്യേകം ഫീസ് ഈടാക്കാനും നീക്കം. വിദ്യാർഥികള്‍ പരീക്ഷാഫീസിനൊപ്പം ഓരോ സെമസ്റ്ററിലും ഓട്ടോമേഷൻ ചാർജ് ഇനത്തില്‍ അധിക ഫീസ് നല്‍കേണ്ടിവരും. ഫലത്തില്‍ പരീക്ഷ ഫീസ് കുത്തനെ ഉയരും. സർക്കാർ തലത്തില്‍ സംവിധാനമൊരുക്കി എന്‍റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി) സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കാനാണ് ശ്യാം ബി. മേനോൻ, ഡോ. അരവിന്ദ്കുമാർ കമീഷൻ റിപ്പോർട്ടുകള്‍ ശിപാർശ ചെയ്തത്. 80 കോടി ചെലവില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. പിന്നീടാണ് വിദ്യാർഥികളില്‍നിന്ന് സേവനത്തിന് പ്രത്യേകം ഫീസ് ചുമത്തി പദ്ധതി നടപ്പാക്കുന്ന രീതിയില്‍ മാറ്റാൻ തീരുമാനിച്ചത്.

അസാപിനെ മുന്നില്‍ നിർത്തി മഹാരാഷ്ട്ര കമ്ബനിയെ പദ്ധതി ഏല്‍പ്പിക്കുന്നതോടെ സോഫ്റ്റ്വെയർ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഭാവിയില്‍ കമ്ബനിയെ ആശ്രയിക്കേണ്ടി വരും. സാങ്കേതിക സർവകലാശാലയില്‍ കെല്‍ട്രോണിനെ മുന്നില്‍ നിർത്തി പരീക്ഷാ സോഫ്റ്റ്വെയർ വികസിപ്പിച്ചുനല്‍കിയത് സ്വകാര്യ കമ്ബനിയാണ്. സോഫ്റ്റ്വെയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സർവകലാശാല ഇപ്പോഴും സ്വകാര്യ കമ്ബനിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഇതേ അവസ്ഥ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവകലാശാലകള്‍ക്കും വരുമെന്നാണ് ആശങ്ക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക