തികച്ചും വ്യത്യസ്തമായ കാരുണ്യപ്രവൃത്തിയുമായി പോപ് സെലിബ്രിറ്റികളായ ചാർലി എക്സ്.സി.എക്സും ബില്ലി ഐലിഷും. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഗാർഹിക പീഡനത്തിന്റെ അതിജീവിതകള്‍ക്കായി ഇത്തരമൊരു സഹായവുമായി എത്തിയിരിക്കുന്നത്. ഗസ്സ്’ എന്ന മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച പതിനായിരം ജോടി അടി വസ്ത്രങ്ങള്‍ ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്നതിന് പകരം ഇവർ ദാനം ചെയ്തിരിക്കുകയാണ്.’ഐ സപ്പോട്ട് ദ ഗേള്‍സി’ലൂടെ ഗാർഹിക പീഡനത്തിന്റെ അതിജീവിതകള്‍ക്ക് ഒരിക്കല്‍പ്പോലും ധരിക്കാത്ത എല്ലാ അടിവസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്യുമെന്ന് മ്യൂസിക് വീഡിയോയുടെ ഒടുവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രാ, പാന്റീസ്, ആർത്തവശുചിത്വ ഉത്പന്നങ്ങള്‍ എന്നിവ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സന്നദ്ധസംഘടനയാണ് ഐ സപ്പോട്ട് ദ ഗേള്‍സ്. വീടോ മറ്റാശ്രയമോ ഇല്ലാത്ത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭിമാനത്തോടെ തലയുയർത്തി നില്‍ക്കാനുള്ള അവസരമൊരുക്കുന്ന സംഘടനയാണെന്ന് ഐ സപ്പോട്ട് ദ ഗേള്‍സിന്റെ വെബ്സൈറ്റില്‍ പറയുന്നു. “അക്ഷരാർഥത്തില്‍ ചാർലി എക്സ്.സി.എക്സിന്റെ പിറന്നാളാണിന്ന്, എന്നാല്‍ അവർ ഞങ്ങള്‍ക്ക് ഏറ്റവും വലിയ സമ്മാനം നല്‍കിയിരിക്കുകയാണ്”. ഐ സപ്പോട്ട് ദ ഗേള്‍സ് എക്സില്‍ കുറിച്ചു.
“10,000 ജോടി ഉള്‍വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്ന ഭീമമായ സംഭാവന നല്‍കിയതിന് ഗസ്സ് മ്യൂസിക് വീഡിയോ ടീമിനോട്, ബില്ലി ഐലിഷിനോട് സംഘടനയ്ക്ക് അതിയായ കടപ്പാടുണ്ട്”, സംഘടന കൂട്ടിച്ചേർത്തു. ഓഗസ്റ്റ് ഒന്നിനാണ് ചാർലി എക്സ്.സി.എക്സും ബില്ലി ഐലിഷും ഗസ്സ് റീമിക്സ് പുറത്തിറക്കിയത്. വീഡിയോയുടെ പ്രധാന ആകർഷണം തന്നെ എണ്ണമറ്റ, വിവിധ നിറത്തിലുള്ള ഉള്‍ വസ്ത്രങ്ങളാണ്. ഈയാഴ്ച ആദ്യമാണ് പ്രിയതാരങ്ങള്‍ ഒത്തുചേരുന്നതായുള്ള വാർത്തയെത്തിയത്. ഇരുവരുടേയും ആയിരക്കണക്കിന് ആരാധകർക്ക് അത് ഏറെ സന്തോഷം പകർന്ന വാർത്തയായിരുന്നു. റിലീസായി ഒരു ദിവസം കഴിയുമ്ബോള്‍ത്തന്നെ വീഡിയോ 40 ലക്ഷത്തിലധികം വ്യൂസ് യൂട്യൂബില്‍ നേടിക്കഴിഞ്ഞു.





