ലെയ്‌സ്, ബിംഗോ ഉള്‍പ്പെടെയുള്ളവ വാങ്ങിക്കുമ്പോള്‍ പാക്കറ്റിനുള്ളിലെ ചിപ്‌സിനെക്കാള്‍ കൂടുതല്‍ കാറ്റാണെന്ന് പരാതിപ്പെടുന്നവരാകും കൂടുതലാളുകളും.വലിയ പാക്കറ്റിനുള്ളില്‍ ഏകദേശം അരഭാഗത്തോളം മാത്രമേ ചിപ്‌സ് ഉണ്ടാകാറുള്ളു. പലരും ഇതിനെ ഉപഭോക്താക്കളെ തെറ്രിദ്ധരിപ്പിക്കാനുള്ള കമ്പനികളുടെ തന്ത്രമായിട്ടാണ് കാണുന്നത്. എന്നാല്‍, യാഥാർത്ഥ്യം അതല്ല. പാക്കറ്റിനുള്ളില്‍ നിറഞ്ഞിരിക്കുന്ന വായു ചിപ്‌സിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതില്‍ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്.
പാക്കറ്റിനുള്ളിലുള്ളത് സാധാരണ വായുവല്ല
ചിപ്‌സ് പാക്കറ്റിനുള്ളില്‍ നിറച്ചിരിക്കുന്നത് സാധാരണ വായുവല്ല. നൈട്രജൻ വാതകമാണ്. പാക്കറ്ര് സീല്‍ ചെയ്യുന്നതിന് മുൻപ് അതിനുള്ളിലെ ഓക്‌സിജൻ പുറത്താക്കി നൈട്രജൻ നിറയ്‌ക്കുകയാണ് നിർമ്മാതാക്കള്‍ ചെയ്യുന്നത്.
അന്തരീക്ഷത്തിലെ ഏകദേശം 78 ശതമാനവും നിറമോ മണമോ ഇല്ലാത്ത നൈട്രജനാണ്. ഇതൊരു ഇനർട്ട് ഗ്യാസ് ആയതിനാല്‍ ഭക്ഷണവുമായി എളുപ്പത്തില്‍ രാസപ്രവർത്തനത്തില്‍ ഏർപ്പെടുന്നില്ല. അതിനാല്‍ ചിപ്‌സിലെ എണ്ണ പെട്ടെന്ന് കേടാകുകയോ പഴകിയ രുചിയുണ്ടാകുകയോ ചെയ്യില്ല. ഇതിലൂടെ ചിപ്‌സ് കൂടുതല്‍ കാലം പുതുമയും ക്രിപ്‌സിനസും രുചിയും നിലനിർത്തുന്നു.
സുരക്ഷാ കവചം
ചിപ്‌സ് വളരെ എളുപ്പത്തില്‍ പൊട്ടിപ്പോകുന്ന ഭക്ഷണമാണ്. ഫാക്‌ടറിയില്‍നിന്ന് ഗോഡൗണുകളിലേക്കും അവിടെനിന്ന് കടകളിലേക്കുമുള്ള യാത്രയ്‌ക്കിടയില്‍ ഈ പാക്കറ്റുകള്‍ പലതവണ കൈകാര്യം ചെയ്യപ്പെടുന്നു. ഈ സമയത്ത് പാക്കറ്റിനുള്ളിലെ നൈട്രജൻ ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുന്നു. പുറത്തുനിന്ന് വരുന്ന മർദ്ദത്തെ പാക്കറ്റിനുള്ളിലെ നൈട്രജൻ വാതകം പ്രതിരോധിക്കുന്നതിനാല്‍ ചിപ്‌സ് പൊട്ടിപ്പോകാനുള്ള സാദ്ധ്യത ഗണ്യമായി കുറയുന്നു.
പാക്കറ്റിന്റെ വലിപ്പത്തിന്റെ മാനദണ്ഡം
പാക്കറ്റിന്റെ അളവ് നിശ്ചയിക്കുന്നത് ചിപ്‌സിന്റെ അളവ് മാത്രം കണക്കിലെടുത്തല്ല. ഉല്‍പ്പന്നത്തിന്റെ സുരക്ഷ, നിർമ്മാണ യന്ത്രങ്ങളുടെ പ്രവർത്തനരീതി, ഗതാഗത സൗകര്യം, വിവിധതരം ചിപ്‌സുകളുടെ ആകൃതി, ഘടന തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് പാക്കേജിംഗ് രൂപകല്‍പന ചെയ്യുന്നത്. അതിനാല്‍ എല്ലാ ചിപ്‌സ് പാക്കറ്റുകളിലും നൈട്രജൻ വാതകത്തിന്റെ അളവ് ഒരുപോലെയാകണമെന്നില്ല.
ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നുണ്ടോ?
ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ രേഖപ്പെടുത്തുന്നത് നെറ്റ് വെയ്റ്റ് ആണ്. അതായത്, പാക്കറ്റിനുള്ളിലെ ചിപ്‌സിന്റെ യഥാർത്ഥ ഭാരം. പാക്കറ്റ് എത്ര വലുതായാലും അതിനുള്ളിലെ ചിപ്‌സിന്റെ അളവ് എത്രയാണെന്നുള്ളതാണ് ഉപഭോക്താവിന് ഉറപ്പുനല്‍കുന്ന കാര്യം.





