സംസ്ഥാനത്തെ അധ്യാപകർ വർഷങ്ങളായി നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘ഡിജിറ്റല്‍ സ്ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ നിയമന അംഗീകാരം, ഭിന്നശേഷി നിയമനം എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.വിദ്യാലയങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രായോഗികമല്ലാത്ത നിബന്ധനകള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ, വിദ്യാർഥികളില്‍ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്താനുള്ള നടപടികള്‍ സ്വീകരിക്കും. കുട്ടികളുടെ എണ്ണക്കുറവ് മൂലം ഡിവിഷൻ ഫാള്‍ ഉണ്ടാവുകയും അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്ന കാര്യം പരിശോധിക്കും. കായിക അധ്യാപകരുടെ തസ്തിക നിർണയത്തില്‍ 500 വിദ്യാർഥികള്‍ക്ക് ഒരു അധ്യാപകൻ എന്നതിന് പകരം 300 വിദ്യാർഥികള്‍ക്ക് ഒരു അധ്യാപകൻ എന്ന രീതിയില്‍ സർക്കാർ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരുടെ ശില്‍പശാലയും മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ‘ഡിജിറ്റല്‍ സ്ക്വയർ’ പദ്ധതിയുടെ ഔദ്യോഗിക മാർഗരേഖ മന്ത്രി പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുഴുവൻ ഐ.ടി കോ-ഓർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നല്‍കുമെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പി.കെ. അസ്ലു, ഷാഹിന നിയാസി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശ്രീജ ഗോപിനാഥ്, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് ഷെരീഫ് തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു.





