2026 ഫിഫ ലോകകപ്പില്‍ നിന്നും ജപ്പാൻ നാടകീയമായി പുറത്തായതോടെ ഫുട്ബോള്‍ ലോകത്ത് വിചിത്രമായ ഒരു ആരാധക സിദ്ധാന്തം (Fan Theory) വീണ്ടും സജീവമാകുന്നു.ജപ്പാന്റെ പുറത്താകല്‍ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ നോർവേയ്ക്ക് കന്നി ലോകകപ്പ് കിരീടം നേടിക്കൊടുക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച.
ഈ ‘ജാപ്പനീസ് ശാപം’ ഫലിച്ചാല്‍ ഇത്തവണ ഹാലണ്ടും സംഘവും ചരിത്രമെഴുതുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.ക്വാർട്ടർ ഫൈനലില്‍ ബ്രസീലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ജപ്പാന്റെ ലോകകപ്പ് കാമ്പെയ്ൻ അവസാനിച്ചത്. എന്നാല്‍ ഇതിന് പിന്നാലെയാണ് വർഷങ്ങളായി തുടരുന്ന ഒരു ഭയാനകമായ ലോകകപ്പ് പാറ്റേണ്‍ ഫുട്ബോള്‍ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
എന്താണ് ഈ ജപ്പാൻ ശാപം?
1998-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ജപ്പാൻ നോക്കൗട്ട് ഘട്ടത്തില്‍ എത്തിയപ്പോഴെല്ലാം ഒരു വിചിത്രമായ ആവർത്തനം ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ട്. ജപ്പാനെ തോല്‍പ്പിച്ച് മുന്നേറുന്ന ടീമിനെ ഏത് ടീമാണോ ടൂർണമെന്റില്‍ നിന്ന് പുറത്താക്കുന്നത്, ആ ടീമായിരിക്കും ഒടുവില്‍ ലോകകപ്പ് കിരീടം ഉയർത്തുക!
കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ ഈ പാറ്റേണ്‍ വ്യക്തമാകും:
- 2002 ലോകകപ്പ്: റൗണ്ട് ഓഫ് 16-ല്‍ ജപ്പാനെ തുർക്കി തോല്‍പ്പിച്ചു. തുടർന്ന് സെമി ഫൈനലില്‍ തുർക്കിയെ പരാജയപ്പെടുത്തിയ ബ്രസീല്‍ ചാമ്പ്യന്മാരായി.
- 2010 ലോകകപ്പ്: പ്രീക്വാർട്ടറില്‍ ജപ്പാനെ പരാഗ്വേ വീഴ്ത്തി. ക്വാർട്ടറില്‍ പരാഗ്വേയെ തോല്‍പ്പിച്ച സ്പെയിൻ അക്കൊല്ലം കപ്പുയർത്തി.
- 2018 ലോകകപ്പ്: അന്ന് പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടത്തില്‍ ബെല്‍ജിയം ജപ്പാനെ തോല്‍പ്പിച്ചു. എന്നാല്‍ സെമിയില്‍ ബെല്‍ജിയത്തെ തകർത്ത ഫ്രാൻസ് അന്ന് കിരീടം ചൂടി.
- 2022 ലോകകപ്പ്: ഖത്തറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജപ്പാന്റെ സ്വപ്നങ്ങള്‍ തകർത്തു. സെമിയില്‍ ആ ക്രൊയേഷ്യയെ തരിപ്പണമാക്കിയ അർജന്റീന ഒടുവില്‍ ലോക ചാമ്പ്യന്മാരായി.
2026-ല്‍ നോർവേയ്ക്ക് ഇത് എങ്ങനെ അനുകൂലമാകും?
ഈ ലോകകപ്പിലും ഈ ഭയാനകമായ പാറ്റേണ്‍ കൃത്യമായി ഒത്തുവന്നിരിക്കുകയാണ്. ഇത്തവണ ക്വാർട്ടർ ഫൈനലില്‍ ജപ്പാനെ തോല്‍പ്പിച്ചത് അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീലാണെങ്കില്‍, തൊട്ടടുത്ത റൗണ്ട് ഓഫ് 16 മത്സരത്തില്‍ ആ ബ്രസീലിനെ ടൂർണമെന്റില്‍ നിന്ന് പുറത്താക്കിയത് നോർവേയാണ്!
സിദ്ധാന്തം അനുസരിച്ച് ജപ്പാനെ പുറത്താക്കിയ ബ്രസീലിനെ തോല്‍പ്പിച്ച നോർവേയ്ക്കാണ് ഇനി കിരീടസാധ്യത. ജൂലൈ 12-ന് നടക്കുന്ന ആവേശകരമായ ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് നോർവേയുടെ എതിരാളികള്‍. ഇനി വെറും മൂന്ന് വിജയങ്ങള്‍ മാത്രം അകലെ നില്‍ക്കുന്ന ലോകകപ്പ് കിരീടത്തിലേക്ക് ഹാലണ്ടിനും സംഘത്തിനും ഈ ജാപ്പനീസ് ശാപം ഇന്ധനമാകുമെന്ന പ്രതീക്ഷയിലാണ് നോർവീജിയൻ ആരാധകർ.





