ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ ലക്ഷ്യമാക്കി ലഹരിമരുന്ന് നല്‍കി കവർച്ച നടത്തിയ കേസില്‍ രണ്ട് യുവതികള്‍ കുറ്റം സമ്മതിച്ചു. ഗാരി മൗവറ്റ് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണത്തിനും മറ്റ് രണ്ട് പേരെ വിഷം നല്‍കി അപായപ്പെടുത്താൻ ശ്രമിച്ചതിനുമുള്ള കുറ്റങ്ങളാണ് മദാലിൻ ഡുമിട്രൂ (30), അദിന മിഹായ് (31) എന്നിവർ ഓക്‌സ്‌ഫോർഡ് ക്രൗണ്‍ കോടതിയില്‍ ഏറ്റുപറഞ്ഞത്.
2024 ഓഗസ്റ്റിനും 2025 ജൂലൈക്കും ഇടയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങളിലാണ് പ്രതികള്‍ ഉള്‍പ്പെട്ടിരുന്നത്. ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് വിശ്വസിപ്പിച്ച് മുൻകൂർ പണം കൈപ്പറ്റിയ ശേഷം മിഹായ് ഇരകളുടെ വീടുകളിലെത്തുമായിരുന്നു. തുടർന്ന് പാനീയങ്ങളില്‍ ‘ജി.ബി.എല്‍’ എന്ന ലഹരിവസ്തു രഹസ്യമായി കലർത്തി അവരെ ബോധരഹിതരാക്കുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെടുക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.
ലഹരിമരുന്നിന്റെ അമിത അളവ് ശരീരത്തില്‍ പ്രവേശിച്ചതാണ് ഗാരി മൗവറ്റിന്റെയും മാല്‍ക്കം കിങ്ങിന്റെയും മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സമാന രീതിയില്‍ മറ്റ് രണ്ട് പേരെയും വിഷം നല്‍കി അപായപ്പെടുത്താൻ ശ്രമിച്ച കുറ്റവും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.കേസില്‍ കുറ്റം സമ്മതിച്ച പ്രതികള്‍ക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.





