വാളയാറില്‍ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണൻ ഭാഗേലിനെ (30) മർദ്ദിച്ച സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നതായി പൊലീസ് നിഗമനം. ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള കർഹി ഗ്രാമവാസിയാണ് രാം. സംഭവത്തില്‍ നേരിട്ട് പങ്കുള്ള 15 പേരെ പൊലീസ് തിരിച്ചറിഞ്ഞു.
ഇവർക്കായി തെരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. നിലവില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡിസംബർ 18-ന് വൈകുന്നേരം ആറ് മണിയോടെ വാളയാർ അട്ടപ്പള്ളത്തുവെച്ചാണ് രാം നാരായണനെ ഒരുസംഘം തടഞ്ഞുവെച്ച് മർദ്ദിച്ചത്. “നീ ബംഗ്ലാദേശി ആണോടാ” എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന മർദ്ദനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ പങ്കാളികളായെന്നാണ് പ്രാഥമിക നിഗമനം. മോഷണം ആരോപിച്ചായിരുന്നു ആക്രമണമെങ്കിലും രാമിന്റെ കൈവശം മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ രാം നാരായണന്റെ ശരീരത്തില്‍ 40-ഓളം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തല മുതല്‍ കാല്‍ വരെ മർദ്ദനമേറ്റ പാടുകളുണ്ട്. തലയിലുണ്ടായ രക്തസ്രാവവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കുമാണ് മരണകാരണം. വടികൊണ്ട് അടിച്ചും നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചും ക്രൂരമായാണ് ആള്‍ക്കൂട്ടം രാമിനെ കൊലപ്പെടുത്തിയത്.കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. ഒളിവിലുള്ള പ്രതികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായും സൂചനയുണ്ട്. വാളയാർ പൊലീസിനൊപ്പം ക്രൈംബ്രാഞ്ചും ചേർന്നാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കൊല്ലപ്പെട്ട രാം നാരായണന്റെ ബന്ധുക്കള്‍ ഇന്ന് തൃശൂരിലെത്തുമെന്നും സൂചനയുണ്ട്.





