ഓണ്‍ലൈൻ ചൂതാട്ടത്തിലൂടെ കോടിക്കണക്കിന് പണം സമ്ബാദിച്ച യൂട്യൂബറുടെ വീട്ടില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തി. ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ അനുരാഗ് ദ്വിവേദിയുടെ വീട്ടിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. പരിശോധനയില്‍ ഗാരേജില്‍ നിന്നും ലംബോർഗിനി ഉറൂസ്, ബിഎംഡബ്ല്യു ഇസഡ് 4, മെഴ്‌സിഡസ്, ബെൻസ് എന്നിങ്ങനെ നാല് ആഡംബരകാറുകള്‍ കണ്ടെത്തി.
ഓണ്‍ലൈൻ ആപ്പുകള്‍ വഴി നടത്തിയ ചൂതാട്ടത്തിലൂടെയാണ് ദ്വിവേദി തന്റെ ആഡംബര ജീവിതത്തിന് ആവശ്യമായ പണം സമ്ബാദിച്ചിരുന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു. സ്‌കൈ എക്‌സ്‌ചേഞ്ച് പോലുള്ള ചൂതാട്ട ആപ്പുകളാണ് ഇതിനായി ദ്വിവേദി ഉപയോഗിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇഡി ദ്വിവേദിക്കെതിരെ നടപടി സ്വീകരിച്ചത്. അനധികൃത സമ്ബാദ്യം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ മറച്ചുവെക്കാനും അവ നിയമാനുസൃതമാണെന്ന് വരുത്തിതീർക്കാനും ദ്വിവേദി ശ്രമിച്ചു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ഇഡി ആരംഭിച്ചു.
ദ്വിവേദി തന്റെ യൂട്യൂബ് ചാനലിലൂടെ വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് ധാരാളം പേർ ഇത്തരം ആപ്പുകള്‍ ചേരുന്നതിലേക്ക് നയിച്ചെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായെന്നും ഇഡി പറഞ്ഞു.ശൃംഖലയില്‍ മറ്റാരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്, എത്ര പണം അനധികൃതമായി സമ്ബാദിച്ചു, എവിടെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് ഇഡി ശ്രമിക്കുന്നത്.പശ്ചിമ ബംഗാള്‍ പോലീസ് സിലിഗുരിയില്‍ നടത്തിയ തെരച്ചിലില്‍ സോനു കുമാർ താക്കൂർ, വിശാല്‍ ഭരദ്വാജ് എന്നിങ്ങനെ സമാനകേസില്‍പ്പെട്ട കൂടുതല്‍ പ്രതികളെ പോലീസ് കണ്ടെത്തി.





