ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയെ ‘വിഷകല’യെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നുണ്ടായ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മാപ്പ് പറഞ്ഞു ശീലമില്ലെന്നും, സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ പൂര്‍വികര്‍ അത് അവരുടെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നും ഉള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയില്‍ കരുത്തുപകര്‍ന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഉണ്ണിത്തന്റെ പ്രതികരണം.

ഉണ്ണിത്താന്റെ വാക്കുകള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”ശശികലയെ വിഷകല എന്ന് വിളിച്ചു എന്ന് പറഞ്ഞ് കൊടുത്ത മാനനഷ്ടക്കേസില്‍ ചേര്‍ത്തല കോടതി എന്നെ കുറ്റവിമുക്തനാക്കിയിരിയ്ക്കുകയാണ്. ശശികലയുടെ പ്രസംഗം പ്രചോദനമായി സ്വീകരിച്ച ഒരു കാപാലികന്‍ ഫഹദ് മോന്‍ എന്ന പിഞ്ചുബാലനെ കഴുത്തറത്ത് കൊന്നതാണ് എന്റെ അന്നത്തെ പ്രതികരണത്തിന്റെ അടിസ്ഥാനം. വെറുപ്പ് ഒരു പകര്‍ച്ചവ്യാധിയായി പടര്‍ത്തുന്നവര്‍ക്ക് എതിരായ പോരാട്ടം ഇനിയും രാഷ്ട്രീയപരമായും, നിയമപരമായും തുടരുക തന്നെ ചെയ്യും, അതിന് കൊടുക്കേണ്ടി വരുന്ന വില എന്ത് തന്നെയായാലും.ഒരുവേള ശശികലയോട് മാപ്പ് പറഞ്ഞാല്‍ കേസ് തീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍മാപ്പ് പറഞ്ഞു നമുക്ക് ശീലമില്ലെന്നും, സ്വാതന്ത്ര്യ സമര കാലത്ത് നമ്മുടെ പൂര്‍വികര്‍ അത് അവരുടെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചിട്ടില്ലെന്നും അതിലും ഭേദം മരണമാണെന്നും ഉള്ള ബോധ്യമാണ് നിയമ പോരാട്ട വഴിയില്‍ കരുത്ത് പകര്‍ന്നത്.എന്നും എന്നോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവരോടും നന്ദി.നിങ്ങള്‍.. നിങ്ങള്‍ മാത്രം ആണെന്റെ ശക്തി.എനിക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ സൈദാലികുട്ടി , പ്രിയപ്പെട്ട അഡ്വ. ബി. എം. ജമാല്‍ , പ്രിയങ്കരനായ അഡ്വ സി വി തോമസ് എന്നിവരോട് നന്ദി അറിയിക്കുന്നു…”

‘വിഷകല’യെന്ന അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല നല്‍കിയ അപകീര്‍ത്തി കേസ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെയാണ് തള്ളിയത്. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാനും പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ നിരീക്ഷിച്ചാണ് കോടതി നടപടി.ഒരു വാര്‍ത്താ ചാനലിലെ സംവാദ പരിപാടിക്കിടെ 2017 ഒക്ടോബര്‍ രണ്ടിനായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാനിയമം 499, 500 വകുപ്പുകള്‍ അനുസരിച്ച്‌ അപകീര്‍ത്തി കേസില്‍ ശിക്ഷിക്കണമെന്ന ശശികലയുടെ ആവശ്യമാണ് ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

സാധ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രം രാജ്‌മോഹന്‍ ഉണ്ണിത്താനെ കുറ്റക്കാരനെന്ന് വിധിക്കാനാവില്ലെന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നത്.കേവല വിമര്‍ശത്തിനപ്പുറം രാജ്‌മോഹന്‍ ഉണ്ണിത്താന്റേത് വ്യക്തി അധിക്ഷേപ പരാമര്‍ശമാണ് എന്ന് തെളിയിക്കാന്‍ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പൊതുമധ്യത്തില്‍ സംപ്രേഷണം ചെയ്യപ്പെട്ടുവെന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കിയില്ല. വ്യക്തിഹത്യ നടത്തണമെന്ന ഉദ്ദേശ്യമില്ലാതെയുള്ള പരാമര്‍ശം കുറ്റക്കാരനെന്ന് കണ്ടെത്താന്‍ മതിയായതല്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാദങ്ങള്‍ക്കെതിരേ മതിയായ മറുവാദം ഉന്നയിക്കാന്‍ ശശികലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് മജിസ്‌ട്രേറ്റ് ഷെറിന്‍ കെ.ജോര്‍ജിന്റെ നിരീക്ഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക