ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്ബാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കില്‍ തിരിതെളിയിച്ചു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു ഇരുവരും വേദിയിലേക്ക് എത്തിയത്.
3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റർചെയ്തവർക്ക് പാസ് മുഖേനയാണ് പ്രവേശനം. ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചർച്ചകളും നടക്കും. മാസ്റ്റർപ്ലാൻ ചർച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചർച്ച പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.
സംഗമത്തിന്റെ പേരില്‍ സർക്കാർ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും സംഘപരിവാർ സംഘടനകളും പങ്കെടുക്കുന്നില്ല. പന്തളം കൊട്ടാരം പ്രതിനിധികളും സംഗമത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അതേസമയം ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അയ്യപ്പ സംഗമത്തിന് ആശംസകളറിയിച്ചിട്ടുണ്ട്. മന്ത്രി വി.എൻ.വാസവൻ യോഗിയെ സംഗമത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായുള്ള കത്തിലാണ് യോഗി ആദിത്യനാഥ് ആശംസകളറിയിച്ചത്.’ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദി. പുരാതന ഇന്ത്യൻ ജ്ഞാനവും പാരമ്ബര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. അഗോള അയ്യപ്പ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ യോഗി ആദിത്യനാഥ് കത്തില്‍ കുറിച്ചു.





